Your Image Description Your Image Description

മുടികൊഴിച്ചിലിനുള്ള മരുന്ന് ഉപയോഗിച്ചവരുടെ കുഞ്ഞുങ്ങൾക്ക് അമിത രോമവളർച്ച. മാതാപിതാക്കൾ തലയിൽ പുരട്ടുന്ന മരുന്ന് കുഞ്ഞുങ്ങളുടെ വയറ്റിലെത്തുന്നതാണ് പ്രശ്നത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. മിനോക്സിഡിൽ എന്ന തലയോട്ടിയിൽ പുരട്ടുന്ന മരുന്നാണ് വില്ലനാകുന്നത് എന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിത രോമവളർച്ചക്ക് ചികിത്സ തേടിയ ഒരു ഡസനോളം കുട്ടികളുടെ മാതാപിതാക്കൾ ഈ മരുന്ന് ഉപയോ​ഗിക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ. വെർവോൾഫ് സിൻഡ്രോം എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.

സ്പെയിനിലെ ആരോഗ്യ വിദഗ്ധരാണ് മിനോക്സിഡിൽ എന്ന മരുന്നിന്റെ പാർശ്വഫലത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. മുടി കിളിർക്കാനായി തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്ന മരുന്നാണ് മിനോക്സിഡിൽ. ഇത് പുരട്ടുന്നതോടെ രക്തക്കുഴലുകൾ വികസിപ്പിക്കുകയും അതുവഴി രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നു. ഇതോടെ ആരോഗ്യകരവും ശക്തവുമായ മുടി വളർച്ചയുണ്ടാകുകയും ചെയ്യും. എന്നാൽ, ഈ മരുന്ന് ഉപയോ​ഗിക്കുന്നവരുടെ കുട്ടികളുടെ ശരീരത്തിൽ അമിത രോമ വളർച്ചയുണ്ടാകുന്നതാണ് ആരോ​ഗ്യ വിദ​ഗ്ധരെ ഞെട്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് സ്പെയിനിലെ വടക്കൻ പ്രവിശ്യയിലാണ് ഒരു കുട്ടിയിൽ ഈ ആരോഗ്യപ്രശ്നം റിപ്പോർട്ട് ചെയ്യുന്നത്. പിന്നീടാണ് ഈ കുട്ടിയുടെ അച്ഛൻ നേരത്തേ മുടി കൊഴിച്ചിൽ തടയാനായി മിനോക്സിഡിൽ ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തുന്നത്. ഇതേ മരുന്ന് തന്നെ ബ്രിട്ടനിൽ റീഗെയിൻ എന്ന പേരിൽ വിപണിയിൽ ലഭ്യമാണ്. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇത് വാങ്ങാൻ ഡോക്ടറുടെ കുറിപ്പടിയും ആവശ്യമില്ല. യൂറോപ്പിൽ തന്നെ പത്തോളം കുട്ടികളിൽ ഇത്തരത്തിലുള്ള അമിത രോമ വളർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം മുതൽ ഇത്തരത്തിൽ ഒരു ഡസനോളം പരാതികളാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെർവോൾഫ് സിൻഡ്രോം ബാധിച്ചവരുടെ ശരീരത്തിൽ വൻതോതിലാണ് രോമവളർച്ച ഉണ്ടാകുന്നത്. ഈ പ്രശ്നമുള്ള ആളുകളുടെ മുഖത്തും ശരീരത്തിലും എല്ലാം അഞ്ച് സെന്റീമീറ്റർ വരെ നീളത്തിലാണ് രോമം വളരുന്നത്. ഹൈപ്പർട്രിക്കോസിസ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്നത്. ഇതിന് ചികിത്സയില്ല എന്നതാണ് വലിയൊരു പ്രശ്നം. ഈ പ്രശ്നമുള്ളവർ രോമം ഷേവ് ചെയ്യുകയോ വാക്സ് ചെയ്യുകയോ വെട്ടിക്കളയുകയോ ചെയ്യേണ്ടി വരും.

പലപ്പോഴും അച്ഛനമ്മമാർ ഈ മരുന്ന് മുടിയിൽ പുരട്ടിയിരിക്കുന്ന സന്ദർഭങ്ങളിൽ അവരുടെ തലയിൽ കുട്ടികൾ തൊടുകയും തുടർന്ന് ഈ കൈ കൊണ്ട് എന്തെങ്കിലും കഴിക്കുകയോ മറ്റോ ചെയ്താൽ ഈ മരുന്ന് വളരെ പെട്ടെന്ന് തന്നെ അവരുടെ ശരീരത്തിൽ കടന്നു കയറാൻ സാധ്യതയുണ്ട്. കൊച്ചു കുട്ടികളിൽ മുടികൊഴിച്ചിൽ മാറ്റുന്നതിനായി മിനോക്സിഡിൽ ഉപയോഗിക്കുന്നത് അവരുടെ ഹൃദയത്തിനും വൃക്കകകൾക്കും തകരാറ് ഉണ്ടാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.നിലവിലെ സാഹചര്യത്തിൽ ഇനി മുതൽ മിനോക്സിഡിലിന്റെ പാക്കറ്റിൽ ഈ മരുന്ന് കുഞ്ഞുങ്ങൾക്ക് ഹാനികരമെന്ന് രേഖപ്പെടുത്തേണ്ടി വരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *