Your Image Description Your Image Description

കോഴിക്കോട്: അപ്പോളോ ജ്വല്ലറിയുടെയും അപ്പോളോ ഗ്രൂപ്പിൻ്റെയും സ്ഥാപനങ്ങൾക്കെതിരെ എൻഫോഴ്സസ്മെന്റ്റ് ഡയറക്ട‌റേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചതോടെ തട്ടിപ്പിനിരയായ നിക്ഷേപകർ പ്രതീക്ഷയിൽ.ഗ്രൂപ്പിന്റെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ഓഫിസുകളിലും ഡയറക്‌ടർമാരുടെ വീടുകളിലുമടക്കം 11 സ്ഥലങ്ങളിൽ നടത്തിയ പരിശോധനക്കു പിന്നാലെ കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 52.34 ലക്ഷം രൂപ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. പരിശോധനയിൽ 27.49 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചതിനു പിന്നാലെ ജ്വല്ലറികൾ പുട്ടി ഡയറക്ടർമാർ തുക വകമാറ്റി ആരംഭിച്ച സ്ഥാപനങ്ങൾ കണ്ടുകെട്ടി തങ്ങൾക്ക് നഷ്ടമായ പണം ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ഇരകളായ നൂറുകണക്കിനാളുകൾ. ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെയും കമ്പനികളുടെയുമെല്ലാം ബാലൻസ് ഷിറ്റുകൾ ഉൾപ്പെടെ രേഖകളും ഇ.ഡി പിടിച്ചെടുത്തു. ലഭ്യമായ ഡിജിറ്റൽ തെളിവുകളുടെയടക്കം അടിസ്ഥാനത്തിൽ അന്വേഷണവും തുടർ നടപടികളും പുരോഗമിക്കുകയുമാണ്.കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിലുള്ളവരാണ് ഗ്രൂപ്പിൽ പണം നിക്ഷേപിച്ചത്. വടകരയിൽ പ്രവർത്തിച്ച അപ്പോളോ ജ്വല്ലറിയുടെ മറവിലായിരുന്നു പ്രധാനമായി നിക്ഷേപം സ്വീകരിച്ചത് എന്നതിനാൽ വടകര, കുറ്റ്യാടി, നാദാപുരം, വില്യാപ്പള്ളി, താമരശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി മേഖലയിലുള്ള പ്രവാസികൾ അടക്കമുള്ളവരാണ് കൂടുതലായി തട്ടിപ്പിനിരയായതെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ മുസ്തഫ ആയഞ്ചേരി പറഞ്ഞു. അഞ്ചുലക്ഷം മുതൽ 37 ലക്ഷം രൂപവരെ നിക്ഷേപിച്ച് പണം നഷ്ടമായ 140 പേർ ചേർന്നാണ് വില്യാപ്പള്ളി കേന്ദ്രീകരിച്ച് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഇവരുടെ മാത്രം നിക്ഷേപ തുക 11 കോടിയോളം വരും. ഇ.ഡി ശക്തമായ നിയമനടപടികളിലേക്ക് കടന്നതോടെ ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി തങ്ങളുടെ പണം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി കൂടിയാലോചിച്ച് പ്രക്ഷോഭം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.തട്ടിപ്പ് പരാതിയിൽ വടകര പൊലീസ് ആറ് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്ത‌ത്. പിന്നാലെ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് 42 എഫ്.ഐ.ആറുകൾകൂടി രജിസ്റ്റർ ചെയ്തെങ്കിലും ഗ്രൂപ്പിൻ്റെ ചെയർമാൻ മൂസ ഹാജി അടക്കമുള്ളവരെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് നിയമനടപടി സ്വീകരിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പിൻ്റെ ഡയറക്‌ടർമാരിലൊരാളായ മേപ്പയ്യൂർ സ്വദേശി സദറുദ്ദീൻ മാത്രമാണ് അറസ്റ്റിലായത്. ഇയാൾക്ക് പിന്നീട് ജാമ്യവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *