Your Image Description Your Image Description

കോഴിക്കോട്: ആദിവാസി ഭൂമി അതിര് നിർണയം നടത്താൻ ഹൈകോടതി നിർദേശ പ്രകാരം നടത്തിയ പരിശോധനയെ എതിർത്ത് സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം. അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസിന് മുന്നിലാണ് കുത്തിയിരുപ്പ് നടത്തിയത്. ആദിവാസിയായ മല്ലീശ്വരിയാണ് അഗളി വില്ലേജിലെ സർവേ നമ്പർ 1120/2ൽ മുത്തച്ഛൻ പോത്തയുടെ പേരിൽ 1975ൽ ലഭിച്ച 5.06 ഏക്കർ പട്ടയഭൂമി അളന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.മല്ലീശ്വരിക്ക് പട്ടികവർഗ വകുപ്പിൽനിന്ന് (ഐ.ടി.ഡി.പി) വീട് അനുവദിച്ചിരുന്നു. എന്നാൽ, വീട് നിർമിക്കുന്നതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നേരത്തെ സ്റ്റോപ്പ് മെമോ നൽകി തടഞ്ഞിരുന്നു. തുടർന്നാണ് പാലക്കാട് കലക്ടർക്കും മുഖ്യമന്ത്രിക്കും മല്ലീശ്വരി പരാതി നൽകിയിരുന്നു. മല്ലീശ്വരിക്ക് അവകാശപ്പെട്ട ഭൂമി നാല് മാസത്തിനകം അതിര് നിർണയിച്ച് നൽകാൻ 2023 ഒക്ടോബർ 11 ന് കോടതി ഉത്തരവായി.വിഷയം കോടതി അലക്ഷ്യമാകുമെന്ന് റവന്യൂ വകുപ്പ് തിരിച്ചറിഞ്ഞതോടെയാണ് സർവേ നടത്താൻ തീരുമാനിച്ചത്. സർവേക്ക് ഒറ്റപ്പാലം ആർ.ഡി.ഒയുടെ നിർദേശത്തെ തുടർന്നാണ് അട്ടപ്പാടി താലൂക്ക് ട്രൈബൽ താലൂക്ക് സർവേയറുടെ നേത്യത്വത്തിൽ ഭൂമി അളന്ന് അതിര് തരിക്കാൻ എത്തിയത്. ആദിവാസി ഭൂമി അളന്ന് തിരിക്കാനെത്തിയ സർവേയർ തൊട്ടടുത്ത് വീട് വെച്ച് താമസിക്കുന്നവരുടെയും അതിർത്തിയിൽ എത്തിയതോടെയാണ് തർക്കമുണ്ടായത്. സിപി.എം എരിയാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ എത്തി ഭൂരേഖ തഹസിൽദാരുമായി ഈ പ്രശ്‌നം ചർച്ച നടത്തി. ആരെയും കുടിയിറക്കില്ലെന്ന് ഭൂരേഖ തഹസിൽദാർ ഉറപ്പ് നൽകിയതിനെ തുർന്നാണ് സമരം അവസാനിപ്പിച്ചത്.അതേസമയം നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലീശ്വരി മുഖ്യമന്ത്രിക്ക് പരാതിയും നൽകി. ഹൈകോടതി ഉത്തരവ് തഹസിൽദാർ ഓഫീസിൽ നേരിട്ട് കൊടുത്തുവെന്നും അഗളി വില്ലേജ് ഓഫീസറെ നേരിൽ കണ്ട് ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറിയെന്നും കത്തിൽ ചൂണ്ടിക്കാട്ടി. റവന്യൂ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയപ്പോഴാണ് മല്ലീശ്വരി ഹൈകോടതിയെ സമീപിച്ചത്.ഐ.ടി.ഡി.പി.യിൽ നിന്നും അനുവദിച്ച വീട് നിർമിക്കുന്നത് ഭൂമിയുടെ അതിര് തരിച്ച് തരണമെന്നാണ് മല്ലീശ്വരിയുടെ ആവശ്യം.ഈ മാസം 15ന് താലൂക്ക് സർവേയർ സ്ഥലത്തെത്തിയപ്പോൾ സർവേ കല്ലുകൾ കാണിച്ചുകൊടുത്തു. കാടുവെട്ടിമാറ്റുവാൻ രണ്ട് പണിക്കാരെയും വിളിച്ചിരുന്നു. താലൂക്ക് സർവേയർ ഏകദേശ ഭാഗങ്ങളെല്ലാം നടന്നു നോക്കുകയും ഈ ഭൂമി സർവേ ചെയ്യണമെങ്കിൽ ഡിജിറ്റൽ സർവേ നടത്തണമെന്നും അതിന് 10,000 രൂപയോളം ചിലവ് ആവശ്യമാണെന്നും വ്യക്തമാക്കി. മുത്തച്ഛൻ ഭൂമി വിൽപ്പന നടത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിച്ച് ബാക്കി ഭൂമി ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മല്ലീശ്വരി മാധ്യമം ഓൺ ലൈനോട് പറഞ്ഞു. മുത്തച്ചന് പട്ടയം ലഭിച്ച ഭൂമി ലഭിക്കണമെന്നാണ് മല്ലിശ്വരിയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *