Your Image Description Your Image Description

സാഹിത്യ നഗരിക്ക് തിളക്കമായി ‘മതിലുകൾ’ എന്ന് പേരിട്ട ബഷീർ മ്യൂസിയവും വായനാ മുറിയും കോഴിക്കോട് ദയാപുരത്താണ് സജ്ജമായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മ്യൂസിയം പൊതുസമൂഹത്തിനായി തുറന്ന് കൊടുക്കും. സാഹിത്യ നഗരിയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ ഇങ്ങനെയൊരു സാഹിത്യ മ്യൂസിയം നാടിനു സമർപ്പിക്കാനാവുന്നതും സാധാരണ സർക്കാറോ വൻകോർപ്പറേറ്റുകളോ ഏറ്റെടുക്കുന്ന മ്യൂസിയം പോലുള്ള പദ്ധതിയിൽ ഇതൊന്നുമല്ലാത്ത ദയാപുരത്തിനുപങ്കുചേരാനായതും സന്തോഷകരമാണെന്ന് ദയാപുരം പേട്രൺ സി.ടി. അബ്ദുറഹീം പറഞ്ഞു. ഡൽഹി സെൻ്റ്സ്റ്റീഫൻസ് കോളേജ് അധ്യാപകനായ എൻ.പി. ആഷ് ലിയാണ് മ്യൂസിയം ക്യൂറേറ്റർ. ബഷീറിൻ്റെ ജീവിതത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം, കേരളീയനവോത്ഥാനം, മുസ്ലിം സാമുദായിക പരിഷ്കരണവാദം, പാരിസ്ഥിതിക ധാർമ്മികചിന്ത എന്നീ മേഖലകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് മ്യൂസിയത്തിന്റെ ക്യൂറേറ്റർ എൻ.പി. ആഷ് ലി പറഞ്ഞു. ബാംഗ്ലൂർ ലിറ്റിൽ റിവർ ആർകിടെക്സിലെ സീജോ സിറിയക്കാണ്ആർക്കിടെക്റ്റ് ചിത്രകാരനായ കെ.എൽ ലിയോൺ കലാപരമായ മേൽനോട്ടം നൽകി. ദയാപുരത്തെ ഒ.എൻ.വി പാർക്ക്, ടാഗോർ നികേതൻ, പണിക്കാരുടെ തോപ്പായ വിശ്രാമം എന്നിവയ്ക്കടുത്ത് തന്നെയാണ് ബഷീർ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൻ്റെ സ്ഥാപക ഉപദേശകരിൽ ഒരാളായ ബഷീറിൻ്റെ കൈയെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിന്റെ രേഖകൾഎന്നിവ പ്രദർശിപ്പിച്ച മ്യൂസിയം, എഴുത്തുകാരൻ്റെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്കാരിക മേഖലയിലെ എഴുത്ത് (1940- 1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഡോ. എം.എം. ബഷീറിന്റ ശേഖരത്തിലുള്ള ബഷീർ കൈയെഴുത്തു പ്രതികളിൽ 1936-ൽ ആദ്യം ഇംഗ്ലീഷിലെഴുതിത്തുടങ്ങിയ ബാല്യകാലസഖി’യുടെ ഇംഗ്ലീഷ് പേജുകൾ, ഭാർഗവീ നിലയത്തിന്റെ തിരക്കഥ, പിന്നീട് ‘അനുരാഗത്തിൻ്റെ ദിനങ്ങൾ ‘കാമുകൻറെ ഡയറി’, ‘ഭൂമിയുടെഅവകാശികൾ’, ‘മുച്ചീട്ടുകളിക്കാരൻ്റെ മകളുടെ’ പൂർത്തിയാകാത്ത നാടകം, അപ്രകാശിത കഥകൾ, ഡോ. സുകുമാർ അഴീക്കോടിനടക്കം എഴുതിയ കത്തുകൾ എന്നിവയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *