Your Image Description Your Image Description

എറണാകുളം : മാറുന്ന കാലത്ത് തൊഴില്‍ സാധ്യതകള്‍ ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസത്തിലൂടെ ഉള്ള അറിവും നൈപുണ്യവും തമ്മിലുള്ള അന്തരം കുറയ്ക്കണമെന്നും സര്‍ക്കാര്‍ വിവിധ സംവിധാനങ്ങളിലൂടെ ആ ദൗത്യമാണു നിര്‍വഹിക്കാന്‍ ശ്രമിക്കുന്നതെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും ചേര്‍ന്ന് സ്റ്റാര്‍സ് പദ്ധതി പ്രകാരം 16 മുതല്‍ 23 വയസ് വരെയുള്ള യുവജനതയുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് കളമശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച പൈലറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ സ്‌കില്‍ ഡേ 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെന്ററില്‍ പരിശീലനം നല്‍കുന്ന ഡ്രോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍, വെയര്‍ഹൗസ് അസോസിയേറ്റ്, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ട്രെയിനിങ് ലാബ് ടെക്‌നീഷ്യന്‍ റിസര്‍ച്ച് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ തുടങ്ങി നൈപുണ്യ വികസനത്തിലൂന്നിയുള്ള കോഴ്‌സുകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്.

കേരളത്തില്‍ ഇപ്പോള്‍ അനവധി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിക്കുന്നുണ്ട്. കളമശ്ശേരിയിലും ഇന്റര്‍നാഷണല്‍ കമ്പനികള്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇവിടെയെല്ലാം ഈ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകും.

പുതിയ കാലത്തിന്റെ ഏറ്റവും പ്രധാനപെട്ട ഉപകരണമാണ് ഡ്രോണ്‍. കൃഷി ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും ഡ്രോണിന്റെ സാധ്യതകള്‍ ഉപയോഗിച്ചു വരുകയാണ്.ഡ്രോണിന്റെ സാങ്കേതിക വിദ്യ വശത്താക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. നൈപുണ്യ വികസനത്തിലൂന്നിയുള്ള കോഴ്‌സുകളുടെ സാധ്യതകളെ പുതുതലമുറ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും അതിന് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സെന്ററിലെ വിദ്യാര്‍ത്ഥികള്‍ സ്‌കില്‍ ഡേയുടെ ഭാഗമായി സ്‌കില്‍ എക്‌സിബിഷനും
എയര്‍ ഷോയും നടത്തി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ജബ്ബാര്‍ പുത്തന്‍വീട്ടില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പൽ ടെസി മാത്യു, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, ജില്ലാ പ്ലാനിംഗ് ബോര്‍ഡ് അംഗം ജമാല്‍ മണക്കാടന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച്. സുബൈര്‍, കൗണ്‍സിലര്‍ അന്‍വര്‍ കുടിലില്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ പി നവീന, ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റര്‍ ആര്‍ എസ് സോണിയ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എ.ടി.സി കുഞ്ഞുമോന്‍, എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ എസ് റിയാസുദ്ദിന്‍ താഹിര്‍, ഹെഡ്മിസ്ട്രസ് പി ഇ ബിജു, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *