Your Image Description Your Image Description

നെടുങ്കണ്ടം: ബാർബർ ഷോപ്പുകൾ എല്ലാം അത്യാധുനിക ബ്യൂട്ടി സലൂണുകളും ബ്യൂട്ടി പാർലറുകളുമായി രൂപാന്തര പ്പെടുമ്പോൾ വേറിട്ട കാഴ്ചയാകുകയാണീ മുളകൊണ്ടുള്ള കട. വാത്തിക്കുടി പഞ്ചായത്തിലെ ബഥേലിൽ ആലപ്പുഴ-മധുര ദേശീയപാതയോരത്താണ് ഏറെ കൗതുകമുള്ള ഈ കട. കട്ടപ്പനയിലും മറ്റും പതിറ്റാണ്ടുകൾ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഉല്ലാസ്, ബഥേലിലേക്ക് താമസം മാറിയതോടെയാണ് ഈ ബാംബു ഷോപ്പ് എന്ന ആശയം ഉടലെടുത്തത്. ഗ്രാമീണ മേഖലകളിൽ പോലും എ.സി ഷോറുമുകളോട് കൂടിയ ബ്യൂട്ടിപാർലറുകൾ കൂണു പോലെ മുളച്ചുപൊന്തുമ്പോൾ തികച്ചും വ്യത്യസ്‌തമായി ഹൈറേഞ്ചിലൊരു പരിസ്ഥിതി സൗഹ്യദ ബാർബർ ഷോപ്പ്. പൂർണമായി മുള കൊണ്ട് നിർമിച്ചിരിക്കുന്നതാണ് ഈ പേരില്ലാകട. കടക്കുള്ളിൽ വെളിച്ചം ലഭിക്കാൻ മേൽക്കൂര മാത്രം പ്ലാസ്റ്റിക് ഷീറ്റാക്കി. കസേരയും ഉപകരണങ്ങളും ഒഴിച്ച് ബാക്കി ചുവരുകളെല്ലാം മുളയാണ്. വലിയമുള വെട്ടിയെടുത്ത് പരമ്പരാഗത രീതിയായ തൈതൽ കൊത്തിയാണ് നിർമാണം. അയൽവാസിയുടെ മുളകൾ മുറിച്ചെടുത്ത് വട്ടത്തിൽ കോടാലി കൊണ്ട് കൊത്തിയെടുത്ത് പായപോലെ നിവർത്തി തൈതലാക്കിയാണ് ചുവർ നിർമിച്ചിരിക്കുന്നത്. നിർമാണചെലവ് കുറക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹാർദ കാഴ്‌ചപ്പാടാണ് തന്നെ ഇതിലേക്ക് നയിച്ചതെന്ന് ഉടമ ഉല്ലാസ് പറയുന്നു. സഹായത്തിനായി മൂന്ന് സുഹൃത്തുക്കളും ഒപ്പംകൂടി.ക്യത്യമായി പരിപാലിച്ചാൽ വർഷങ്ങളോളം കേടുകൂടാതെ നിലനിൽക്കുമെന്നാണ് ഉല്ലാസ് പറയുന്നത്. ഭാവിയിൽ മേൽക്കുരയിൽ പനയോല മേയും, കൂടാതെ മുറ്റത്ത് തെങ്ങിൻതടികൾ മുറിച്ച് കുഴിച്ചിട്ട് ഇരിപ്പിടങ്ങൾ കൂടി ഒരുക്കി സമ്പൂർണ പരിസ്ഥിതി സൗഹാർദ ബാർബർ ഷോപ്പ് ആക്കി മാറ്റുമെന്നും ഇദ്ദേഹം പറഞ്ഞു. ദിനേന സെൽഫി എടുക്കാൻ തന്നെ ദേശീയപാതയോരത്തെ ഉല്ലാസിൻ്റെ കടയിൽ നല്ല തിരക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *