Your Image Description Your Image Description

മലയാളികൾ ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയത്തിലും സിനിമയുടെ മറ്റു പല മേഖലകളിലും താരത്തിന് കഴിവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് താരം. താര രാജാക്കന്മാർ അടക്കം നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. കൂട്ടത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും എത്തിയിരുന്നു. അഭിനേതാവായും സംവിധായകനായും എല്ലാം അദ്ദേഹത്തിനൊപ്പം ഇടപെട്ടിട്ടുണ്ട് പൃഥ്വിരാജ്. പൃഥ്വിയുമായി അടുത്ത സൗഹൃദമുണ്ട് ആന്റണിക്ക്.

‘ഹാപ്പി ബര്‍ത്ത് ഡേ രാജു, ഇനിയും ഒത്തിരി മനോഹരനിമിഷങ്ങളും നാഴികക്കല്ലുകളും നിങ്ങളെ തേടിയെത്തട്ടെ’ എന്നായിരുന്നു ആന്റണിയുടെ പോസ്റ്റ്. പൃഥ്വിയെ ചേര്‍ത്തുപിടിച്ച് ചിരിച്ച് നില്‍ക്കുന്നൊരു ഫോട്ടോയും ആന്റണി പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്. ഈ പോസ്റ്റിന് നന്ദി പറഞ്ഞെത്തിയ പൃഥ്വിരാജ് ‘ആ ഹെലികോപ്ടറിന്റെ കാര്യം… ‘ എന്ന് കൂടി ആന്റണിയോട് സൂചിപ്പിച്ചു. ഇതോടെ കമന്റ് ബോക്‌സ് നിറയെ രാജുവേട്ടന് ആ ഹെലികോപ്റ്ററങ്ങ് കൊടുക്കാന്‍ പറഞ്ഞുള്ള ബഹളവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഇതേക്കുറിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എല്ലാം എമ്പുരാന് വേണ്ടിയല്ലേ, കാശ് ഇറക്കി കളിക്കൂ… രാജുവേട്ടന്‍ ഒരു ആഗ്രഹം പറഞ്ഞാല്‍ ആന്റണി ചേട്ടനത് ചെയ്തിരിക്കും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സിനിമയുടെ ചിത്രീകരണത്തിനായി ഹെലികോപ്ടറിന്റെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ നിര്‍മാതാവിനെ ഓര്‍മ്മിപ്പിച്ചത് ഇങ്ങനെയായിരുന്നു. പൃഥ്വി പുതിയതായി സംവിധാനം ചെയ്യുന്ന എമ്പുരാന്റെ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാദൃശ്ചികമായാണ് പൃഥ്വി ലൂസിഫറിലേക്ക് എത്തിയത്. കൈയ്യിലൊരു കഥയുണ്ടെന്ന് മുരളി ഗോപി പൃഥ്വിയോട് പറഞ്ഞിരുന്നു. കഥ കേട്ടതിന് ശേഷമായിരുന്നു ഇത് ഞാന്‍ സംവിധാനം ചെയ്യട്ടെയെന്ന ചോദ്യം വരുന്നത്. ധൈര്യമായിട്ട് ചെയ്‌തോളൂ, നിര്‍മ്മാണം ഞാന്‍ ഏറ്റെന്ന് പറഞ്ഞ് പൃഥ്വിയെ പോത്സാഹിപ്പിക്കുകയായിരുന്നു ആന്റണി. ഈ ചിത്രം ഏറ്റെടുത്തത് മുതലുള്ള പൃഥ്വിയുടെ ആത്മാര്‍ത്ഥത പറഞ്ഞറിയിക്കാനാവാത്തതാണ്. ചിത്രത്തിലെ ഡയലോഗുകളും സീനുകളുമെല്ലാം പൃഥ്വിക്ക് മനപ്പാഠമായിരുന്നു.

ഈ ലോകത്ത് മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഫാന്‍ ഞാനാണെന്നായിരുന്നു എന്റെ ധാരണ. അത് പൃഥ്വി തെറ്റിച്ചിരുന്നു. എന്നേക്കാളും വലിയ ഫാനാണ് അദ്ദേഹമെന്ന് ലൂസിഫര്‍ കണ്ടപ്പോള്‍ മനസിലായി. ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാലിനെയാണ് ലൂസിഫറില്‍ കാണിച്ചതെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. എന്നിലെ ആരാധകനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ഇത്. അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ഈ ചിത്രം ഇഷ്ടമാവുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ലൂസിഫറിനെക്കുറിച്ച് പൃഥ്വി പറഞ്ഞത്. അത് അക്ഷരംപ്രതി ശരിയായിരുന്നു. സിനിമാലോകവും പ്രേക്ഷകരും ചിത്രം ഏറ്റെടുക്കുകയായിരുന്നു. രണ്ടാം ഭാഗത്തിനുള്ള സാധ്യത നിലനിര്‍ത്തിയായിരുന്നു ലൂസിഫര്‍ അവസാനിച്ചത്. പ്രഖ്യാപനം മുതല് എമ്പുരാനും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *