Your Image Description Your Image Description

ന്യൂഡൽഹി: വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത 17 കാരൻ കുറ്റം സമ്മതിച്ചു. സുഹൃത്തിനോടുളള പക വീട്ടാൻ സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തയ്യാറാക്കിയാണ് ഭീഷണി സന്ദശം അയച്ചതെന്ന് കൗമാരക്കാരൻ പൊലീസിനോട് വെളിപ്പെടുത്തി. 48 മണിക്കൂറിനിടെ 12 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഭീഷണി ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രണ്ട് വിമാനങ്ങൾ വൈകുകയും ഒരു വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ വിമാനങ്ങള്‍ക്ക് അടിക്കടി ഉണ്ടാകുന്ന ബോംബ് ഭീഷണി ഗതാഗത മേഖലയെ സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച ചെയ്തു. നിർണായക വിവരങ്ങൾ ലഭിച്ചതായും ഭീഷണി സന്ദേശങ്ങൾക്കു പിന്നിലുള്ള ചിലരെ തിരിച്ചറിഞ്ഞതായും വ്യോമയാന ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽനിന്ന് ഷിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. ഒരു ട്വിറ്റർ അക്കൗണ്ടിൽനിന്നുള്ള ഭീഷണി കാരണം ഏഴു വിമാനങ്ങളുടെ യാത്ര ചൊവ്വാഴ്ച തടസ്സപ്പെട്ടു. എയർ ഇന്ത്യയുടെ ഡൽഹി–ഷിക്കാഗോ വിമാനം, ദമാം–ലക്നൗ ഇൻഡിഗോ വിമാനം, അയോധ്യ–ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്, ദർബാംഗ–മുംബൈ സ്പെയ്സ് ജെറ്റ്, ഡൽഹി–ബെംഗളൂരു ആകാശ എയർലൈൻസ്, അമൃത്സർ–ഡൽഹി അലയൻസ് വിമാനം, മധുര–സിംഗപ്പൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ചൊവ്വാഴ്ച ഭീഷണി സന്ദേശം ലഭിച്ചത്. വിമാനങ്ങൾ വിവിധയിടങ്ങളിൽ നിലത്തിറക്കി. വിശദമായ പരിശോധനകൾക്കുശേഷമാണ് യാത്ര പുനഃരാരംഭിച്ചത്.

തിങ്കളാഴ്ച രണ്ട് ഇൻഡിഗോ വിമാനത്തിനും ഒരു എയർ ഇന്ത്യ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ വിമാനത്തിനും ഒമാനിലേക്കും സൗദി അറേബ്യയിലേക്കും പോയ ഇൻഡിഗോ വിമാനങ്ങൾക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണിക്ക് പുറമേ വിമാന ടിക്കറ്റ് നിരക്കുകൾ, പ്രാദേശിക വിമാനസർവീസുകളുടെ വിഷയം അടക്കമുള്ളവയും പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *