Your Image Description Your Image Description

ഇസുസു മോട്ടോഴ്സ് ഇന്ത്യ പുതിയ ഡി-മാക്‌സിന്റെ ആംബുലൻസ് പതിപ്പ് അവതരിപ്പിച്ചു. എ.ഐ.എസ്: 125 മാനദണ്ഡങ്ങൾ പാലിച്ചാണ് ഡി-മാക്‌സ് പിക്ക്-ആപ്പ് അടിസ്ഥാനമാക്കിയുള്ള ആംബുലൻസ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസുസു വിപണിയിൽ എത്തിക്കുന്നത്. ഇത്തരം മോഡൽ വിദേശ രാജ്യങ്ങളിൽ സുലഭമാണെങ്കിലും ഇന്ത്യൻ നിരത്തുകളിൽ പുതിയതാണ്. 26 ലക്ഷം രൂപയാണ് വില.(എക്സ് ഷേറൂം, ചെന്നൈ).

ഇന്ത്യൻ‌ സാഹചര്യങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണ് പുതിയ ഡി-മാക്‌സ് ആംബുലൻസ് എന്നാണ് ഇസുസു അവകാശപ്പെടുന്നത്. ഡി മാക്സ് ശ്രേണിയിലെ വാഹനങ്ങൾ നിർമിക്കുന്ന അതേ ഐ ​ഗ്രിപ്പ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് ആംബുലൻസിന്റെ നിർമാണവും. എസ്.യു.വികളിലെ യാത്രാ സുഖം നൽകുന്നതിനായി ഹൈ റൈഡ് സസ്പെൻഷനും നൽകിയിട്ടുണ്ട്.

കൂടുതൽ സൗകര്യം

എ.ഐ.എസ്: 125 ടൈപ്പ് സി മാനദണ്ഡങ്ങൾ പാലിക്കാനായി രോ​ഗികളുടെ ക്യാബിനുള്ളിൽ പരമാവധി സ്ഥല സൗകര്യം നൽകാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. രണ്ടു ഭാ​ഗത്തേക്ക് പൂർണമായി തുറക്കാൻ സാധിക്കുന്ന വൈഡ് ഡോറുകളാണ് പിൻ ക്യാബിനിൽ നൽകിയിരിക്കുന്നത്.

ഇത് ട്രോളിയിൽ രോ​ഗിയെ ക്യാബിനിലേക്ക് കയറ്റുന്നതും ഇറക്കുന്നതും എളുപ്പമാക്കും. ബാർ ലൈറ്റുകൾ, ഫ്ലാഷുകൾ, സൈറൻ, സൈഡ് ലൈറ്റുകൾ, വാഹനത്തിന്റെ ബോഡിയിൽ ഉയർന്ന ദൃശ്യപരത നൽകുന്ന സ്റ്റിക്കറുകൾ, ഓക്സിജൻ സംവിധാനം എന്നിവ നൽകിയിരിക്കുന്നു.

സുരക്ഷയും കരുത്തും

ഡ്രൈവർ ക്യാബിനിൽ രണ്ട് എയർ ബാ​ഗുകൾ, ആന്റി-ലോക്ക് ബ്രേക്കിങ് സിറ്റം (എ.ബി.എസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ടട്രോൾ(ഇ.എസ്.സി), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ.ബി.ഡി), എമർജൻസി ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ എന്നിങ്ങനെ നിരവധി സുരക്ഷാ സന്നാഹങ്ങളോടെയാണ് വാഹനത്തിന്റെ വരവ്. 1.9 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 161 ബി.എച്ച്.പി കരുത്തും 360 എൻ.എം പീക്ക് ടോർക്കും ഇത് ഉത്പാ​ദിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *