Your Image Description Your Image Description

ജയസൂര്യയുടെ ചിത്രം കത്തനാരുടെ ഷൂട്ടിം​ഗ് പൂർത്തിയായാതായി ജയസൂര്യ അറിയിച്ചു. മൂന്ന് വർഷത്തോളം നീണ്ടുനിന്ന അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്ക് സമാപനം ആകുകയാണെന്നും ഒപ്പം വർക്ക് ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്നും ജയസൂര്യ കുറിച്ചു. 212 ദിവസവും 18 മാസവും എടുത്താണ് ചിത്രത്തിനിപ്പോൾ പാക്കപ്പ് ആയിരിക്കുന്നത്. ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് റോജിന്‍ തോമസ് ആണ്. കത്തനാരുടെ റിലീസിനായി കാത്തിരിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ

അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ ‘കത്തനാർ’ pack up…മൂന്ന് വർഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമർപ്പണം ചെയ്ത ഒരു കൂട്ടം പ്രതിഭാധനൻമാരായ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ദിനരാത്രങ്ങൾ പിന്നിട്ട ഒരുപാട് അസുലഭ മുഹൂർത്തങ്ങൾ. അങ്ങിനെ കത്തനാർ ഒരു യാഥാർത്ഥ്യമാവാൻ പോകുകയാണ്. ഈ അവസരത്തിൽ അങ്ങേയറ്റം നന്ദിയോടെ മാത്രം മനസ്സിൽ തെളിയുന്ന ഒരുപാട് മുഖങ്ങൾ. കത്തനാർ അതിൻ്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാവരുത് എന്ന് വാശി പിടിച്ച നിർമ്മാതാവ് ആദരണീയനായ ശ്രീ. ഗോകുലം ഗോപാലേട്ടൻ, അത് യഥാർത്ഥ്യമാക്കുവാൻ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകൾക്കപ്പുറം ഹൃദയത്തിലിടമുടമുള്ള പ്രീയ സഹോദരൻ executive Producer ശ്രീ. കൃഷ്ണമൂർത്തി. സംവിധായകൻ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളർന്ന മലയാളത്തിൻ്റെ അഭിമാനം ശ്രീ റോജിൻ തോമസ്.

കത്തനാർ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്ക് വെയ്ക്കുകയും അതിനുവേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്ത ഇളയ സഹോദരൻ, തിരക്കഥാകൃത്ത് രാമാനന്ദ്. ദൃശ്യ വിസ്മയം തീർത്ത നീൽ ഡി കുഞ്ഞ. ഇനിയും ഒട്ടേറെ മുഖങ്ങൾ…വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ എല്ലാവർക്കും നന്ദി..ഞങ്ങളെ വിശ്വസിച്ച് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്ന് നിർമ്മിക്കാൻ തയ്യാറായ ശ്രീ ഗോപാലേട്ടന് ഏതു വാക്കുകളാലാണ് നന്ദി പറയാൻ സാധിക്കുക. !! അത് കടപ്പാടായി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനി കത്തനാറിൻ്റെ റിലീസിംങ്ങിനായി കാത്തിരിക്കുന്ന പല സഹസ്രം കലാസ്വാദകരിൽ ഒരാളായി ഞാനും.

Leave a Reply

Your email address will not be published. Required fields are marked *