Your Image Description Your Image Description

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്റെ ഇതുവരെയുള്ള കരിയറിലെ തന്നെ ഏറ്റവും മികച്ച അവസരമായിരുന്നു ബംഗ്ലാദേശിനെതിരായ ടി20 പരമ്പര.മുതിര്‍ന്ന ടെസ്റ്റ് താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതോടെയാണ് സഞ്ജുവിന് സുവര്‍ണാവസരം കൈവന്നത്.കഴിഞ്ഞ രണ്ട് മാച്ചുകളിലും വേണ്ടത്ര തിളങ്ങാന്‍ സഞ്ജുവിനായില്ല. സഞ്ജു തന്റെ കഴിവുകള്‍ ഐപിഎല്ലിനായി മാറ്റിവച്ചിരിക്കുകയാണോ എന്ന് ചോദിച്ചും സഞ്ജുവിനെ പരീക്ഷിക്കുന്നത് ഇന്ത്യക്ക് ബാധ്യതയാവുന്നു എന്ന് വിമര്‍ശിച്ചും ടീം ഇന്ത്യ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തുവരികയുമുണ്ടായി. ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ എന്നതിനൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സ് ഓപണ്‍ ചെയ്യാനും സഞ്ജുവിനെ ചുമതലപ്പെടുത്തി. ശ്രീലങ്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ പൂജ്യത്തിന് പുറത്തായെങ്കിലും സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍, രണ്ട് മത്സരങ്ങളിലും ബാറ്റിങില്‍ പരാജയപ്പെട്ടതോടെ അടുത്ത മാച്ചില്‍ സഞ്ജു സാംസണിന്റെ പ്ലെയിങ് ഇലവന്‍ സ്ഥാനം സംശയത്തിലാണ്. പരമ്പരയിലെ അവസാന മത്സരത്തില്‍ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. ഇന്ത്യ ഇതിനകം 2-0ന് പരമ്പര നേട്ടം കൈവരിച്ചതിനാലാണിത്.ഗ്വാളിയോറില്‍ ആദ്യ മല്‍സരത്തില്‍ 29 റണ്‍സ് പുറത്തായ സഞ്ജു ന്യൂഡല്‍ഹിയില്‍ രണ്ടാം മാച്ചില്‍ 10 റണ്‍സിന് പുറത്തായിരുന്നു. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) നായകനായ സഞ്ജുവിന് ദേശീയ ടീമില്‍ വലിയ അവസരം കൈവന്നത്. എന്നാല്‍, ഇത് വേണ്ടവിധം ഉപയോഗപ്പെടുത്താവാതെ പോയത് വലിയ ക്ഷീണമായി.ഈ ഘട്ടത്തിലാണ് മൂന്നാം ടി20 മാച്ചിനുള്ള പ്ലേയിങ് ഇലവനെ കുറിച്ച് ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റിന്റെ വെളിപ്പെടുത്തല്‍.ഇന്ന് ശനിയാഴ്ച (ഒക്ടോബര്‍ 12) ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാം ടി20യില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയ്ക്ക് അവസരം നല്‍കും. എന്നാല്‍, വിക്കറ്റ് കീപ്പര്‍ സ്ഥാനമില്ലെങ്കിലും ഓപണര്‍ റോളില്‍ സഞ്ജു കളിച്ചേക്കുമെന്ന് കോച്ച് വെളിപ്പെടുത്തി.റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുമെങ്കിലും സഞ്ജുവിന് മറ്റൊരു അവസരം നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പന്തുകളും ബൗണ്ടറി കടത്താന്‍ ശ്രമിക്കുമ്പോള്‍ വേഗത്തില്‍ പുറത്താവാന്‍ സാധ്യത കൂടുതലാണെന്ന് സഞ്ജുവിന്റെ ചെറിയ സ്‌കോറിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. നന്നായി കളിച്ചുതുടങ്ങിയ സഞ്ജുവിന് പുറത്താകാതെ 50-60 റണ്‍സ് നേടുന്നത് എളുപ്പമായിരുന്നു. എന്നാല്‍ ടി20യില്‍ 120 പന്തുകളിലും റണ്‍ നേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ കഴിഞ്ഞകളിയിലെ ബാറ്റിങ് പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജിതേഷ് ശര്‍മയ്ക്ക് പുറമേ തിലക് വര്‍മയ്ക്കും ഇന്ന് കളിക്കാന്‍ അവസരം നല്‍കിയേക്കുമെന്ന് മുന്‍ നെതര്‍ലന്‍ഡ്‌സ് ഓള്‍റൗണ്ടര്‍ വെളിപ്പെടുത്തി. പേസര്‍ ഹര്‍ഷിത് റാണയുടെ അരങ്ങേറ്റത്തെക്കുറിച്ചും റയാന്‍ ഉറപ്പു നല്‍കി. ഹര്‍ഷിത് റാണയെ പോലെയുള്ള ഒരാള്‍ക്ക് അന്താരാഷ്ട്ര അനുഭവം നല്‍കാന്‍ ഈ സന്ദര്‍ഭം ഉചിതമാണെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.
അടുത്ത ഒന്നര വര്‍ഷത്തിനിടെ വരാനിരിക്കുന്ന വെല്ലുവിളികള്‍ നേരാന്‍ സജ്ജമാവുകയും ക്രിക്കറ്റിനെ കാലത്തിനനുസരിച്ച് മുന്നോട്ട് കൊണ്ടുപോവുകയുമാണ് ടീം ഇന്ത്യയുടെ പദ്ധതിയെന്നും കോച്ച് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *