Your Image Description Your Image Description

മൂവാറ്റുപുഴ: കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഇടുക്കി ജില്ല മെഡിക്കൽ ഓഫിസർ 52കാരനായ ഡോ. എൽ. മനോജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡു ചെയ്തു. മൂന്നാറിലെ ഹോട്ടലിന്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് മനോജ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഇയാളെ കോടതിയിൽ ഹാജരാക്കി. തുടർന്ന് പതിനാലു ദിവസത്തേക്ക് കോടതി ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.

അഴിമതി ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞ തിങ്കളാഴ്‌ച ഡി.എം.ഒയെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്‌തിരുന്നു. ചൊവ്വാഴ്ച കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ സസ്പെൻഷൻ സ്‌റ്റേ ചെയ്‌തു. ഇതിന്​ പിന്നാലെ ബുധനാഴ്ച‌ ഓഫിസിൽ എത്തിയപ്പോഴാണ്​ വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്.

മൂന്നാറിലുള്ള ഹോട്ടലിന്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപയാണ്​ ഡി.എം.ഒ കൈക്കൂലി ആവശ്യപ്പെട്ടതെന്ന്​ വിജിലൻസ് പറയുന്നു. ഹോട്ടൽ മാനേജർ ഓഫിസിലെത്തി തുക കുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 75,000 രൂപയാക്കുകയായിരുന്നു. ഡ്രൈവറുടെ ഫോൺ നമ്പറിൽ ഗൂഗിൾ പേ ചെയ്യാനായിരുന്നു നിർദേശം.

മാനേജർ പണം ​ഗൂ​ഗിൾ പേ ചെയ്തതിനു​ പിന്നാലെ ഹോട്ടലുടമ നൽകിയ വിവരത്തെ തുടർന്ന് ഡോ. മനോജിനെയും ​ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് എത്തി അറസ്‌റ്റ് ചെയ്തു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *