Your Image Description Your Image Description

കണ്ണൂര്‍: വരാന്‍ പോകുന്ന പാലക്കാട് നിയമസഭാമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും, ബിജെപിക്കുമെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് ഷാഫി പറമ്പില്‍ എം പി കണ്ണൂരില്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ ജനങ്ങള്‍ അംഗീകരിക്കുന്ന പാലക്കാട്ടെ ജനങ്ങളുടെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. സി പി എം പ്രവര്‍ത്തകര്‍ക്ക് പോലും ഈ സര്‍ക്കാരിനെ മടുത്ത് ഇരിക്കുകയാണ്. തൃശ്ശൂരില്‍ ഉണ്ടായിരിക്കുന്ന സി പി എം – ബിജെപി വോട്ട് കച്ചവടത്തിന് എതിരായ വിധിയെഴുത്ത് പാലക്കാട് ഉണ്ടാകുമെന്നും ഷാഫി പറമ്പില്‍ എം പി കൂട്ടിച്ചേര്‍ത്തു.

അതേസസമയം,പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിലെ തമ്മിലടി രൂക്ഷമാകുന്നു. സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ള നേതാക്കള്‍ തമ്മിലാണ് ഗ്രൂപ്പ് തര്‍ക്കം. ഔദ്യോഗിക പക്ഷത്ത് നിന്നുള്ള കെ സുരേന്ദ്രനും സി കൃഷ്ണകുമാറും എതിര്‍പക്ഷത്തുള്ള ശോഭാ സുരേന്ദ്രനും തമ്മിലാണ് തര്‍ക്കം രൂക്ഷമായത്.

ബിജെപി എ ക്ലാസ് മണ്ഡലമെന്ന് അവകാശപ്പെടുന്ന പാലക്കാട് തമ്മിലടിയും ഗ്രൂപ്പ് യുദ്ധവും തുടരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചത്. സുരേന്ദ്രനും കൃഷ്ണകുമാറിനും കിട്ടിയതിനേക്കാള്‍ പിന്തുണയാണ് മണ്ഡലത്തിലെ ബിജെപിയുടെ അഭിപ്രായ സര്‍വേയില്‍ ശോഭാ സുരേന്ദ്രന് കിട്ടിയത്. ശോഭ സുരേന്ദ്രന് കൂടുതല്‍ പിന്തുണ കിട്ടിയത് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്. ജില്ലാ നേതൃത്വം ശോഭാ പക്ഷത്തെ നേതാക്കളെ ഒരു കാര്യവും അറിയിക്കാതെ അവഗണിക്കുന്നതിനെതിരെ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്.

ജില്ലയിലെ ബിജെപിയുടെ ഒരു വിഭാഗം നേതാക്കള്‍ മാത്രമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മറ്റ് ഭാരവാഹികളെ അറിയിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. മണ്ഡലം കമ്മിറ്റികളെ അവഗണിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധവും ഉയര്‍ന്നിരുന്നു. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പങ്കെടുത്ത പരിപാടിയില്‍ ആയിരുന്നു പാലക്കാട്ടെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്. നവ മാധ്യമങ്ങളിലും സ്ഥാനാര്‍ഥി പട്ടികയിലെ ബിജെപി നേതാക്കള്‍ക്കായുള്ള തമ്മിലടി ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *