Your Image Description Your Image Description
Your Image Alt Text

കണ്ണൂര്‍ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടത്തിന് 16.15 കോടി രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പ് ഉത്തരവായി. ഒന്നാം ഘട്ടത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്. ഇതോടെ ഈ റോഡുകളുടെ നവീകരണ പ്രവൃത്തി ആരംഭിക്കാനാകും. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല.

ഇന്നര്‍ റിംഗ് റോഡ്, പട്ടാളം റോഡ്, ജയില്‍ റോഡ് എന്നിവയാണ് നവീകരിക്കുന്നത്. റോഡ് നവീകരണത്തിന് ഒപ്പം ഫുട്പാത്ത് നിര്‍മ്മാണം, ലാന്‍ഡ്സ്‌കേപ്പിംഗ്, കാല്‍നട യാത്രക്കാര്‍ക്കുള്ള ടേബിള്‍ ടോപ്പ് ക്രോസിംഗ്, ട്രാഫിക് സിഗ്നല്‍ എന്നിവ ഉള്‍പ്പെടെയാണ് പദ്ധതിയുടെ ആദ്യഘട്ട കോറിഡോര്‍ നിര്‍മ്മാണം വിഭാവനം ചെയ്തിരിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് കണ്ണൂര്‍ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത ഒന്നാംഘട്ട പ്രവൃത്തി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കണ്ണൂര്‍ നഗരറോഡ് വികസന പദ്ധതിയുടെ ആദ്യഘട്ടം മാതൃകാപരമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂരിന്റെ മുഖച്ഛായ മാറ്റുന്ന നിലയില്‍ റോഡുകള്‍ മാറും. കാല്‍നട യാത്രക്കാര്‍ക്ക് കൂടി ഗുണകരമായിട്ടാകും നിര്‍മാണപ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംഘട്ടത്തില്‍ മന്ന ജംഗ്ഷന്‍ പുതിയ എന്‍എച്ച് ബൈപ്പാസ്, പൊടിക്കുണ്ട് – കൊറ്റാളി റോഡ്, തയ്യില്‍ -തെഴുക്കില പീടിക റോഡ്, കുഞ്ഞിപ്പള്ളി -പുല്ലൂപ്പി റോഡ് എന്നിവയും മൂന്നാം ഘട്ടത്തില്‍ ചാലാട് -കുഞ്ഞിപ്പള്ളി റോഡ്, മിനി ബൈപ്പാസ് റോഡ്, കക്കാട് -മുണ്ടയാട് റോഡ്, പ്ലാസ ജംഗ്ഷന്‍ – ജെടി എസ് റോഡ് എന്നിവയും നവീകരിക്കാനാണ് പദ്ധതി. ഈ ഭാഗങ്ങളില്‍ സ്ഥലം ഏറ്റെടുക്കല്‍ നടന്നുവരികയാണ്. പദ്ധതിക്ക് ആകെ 401.467 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *