Your Image Description Your Image Description

പിണറായി അൻവർ യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു . ഒരു കാലഘട്ടത്തിലും ഒരു മുഖ്യമന്ത്രി നടത്താത്ത നിലവാരത്തിലുള്ള പത്രസമ്മേളനമാണ് ഇന്നലെ പിണറായി സഖാവ് നടത്തിയത്. പിണറായി വിജയനെന്ന കർക്കശക്കാരനെയല്ല ,മറിച്ച് , ഒരു കൗശലക്കാരനായ രാഷ്ട്രീയക്കാരനെയാണ് ഇന്നലെ പത്രക്കാർ കണ്ടത്.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ സാധാരണ ക്ലിപ്ത സമയത്ത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും . അതിനു വിപരീതമായി പറഞ്ഞ സമയത്ത് ആരംഭിക്കുകയും മാധ്യമപ്രവർത്തകരുടെ മതിയും കൊതിയും തീരുന്ന സമയം വരെ നീണ്ടുപോവുകയും ചെയ്ത ഒരു പത്ര സമ്മേളനമായിരുന്നു ഇന്നലത്തെത് .

പറയുവാനുള്ളത് മുഴുവൻ അളന്ന് ,കാച്ചി കുറുക്കി മാധ്യമങ്ങൾക്കിട്ടുകൊടുത്തു . അവരുടെ ചോദ്യങ്ങൾക്കെല്ലാം വളരെ സൗമ്യമായി മറുപടിയും കൊടുത്തു. അൻവറിനെ പിന്നിൽ നിന്ന് സഹായിക്കുന്നത് അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് മാഫിയ ആണോയെന്ന രീതിയിൽ ചോദിച്ച ഒരു മാധ്യമ പ്രവർത്തകനോട് , അത് നിങ്ങൾ തന്നെ കണ്ടുപിടിച്ചു പറഞ്ഞാൽ മതിയെന്നു പറഞ്ഞതിലൂടെ മുഖ്യമന്ത്രിക്ക് പറയാനുള്ളത് മുഴുവൻ പറയാതെ പറഞ്ഞു വെച്ചു .

തന്നെ എത്ര അപമാനിച്ചാലും തനിക്ക് പുറകെ എത്ര നടന്നാലും , താൻ കൂടെ നിർത്തിയിരിക്കുന്നവരെ കുരുതി കൊടുക്കാൻ തയ്യാറല്ലന്ന് ഒരിക്കൽ കൂടി വിളിച്ചു പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരിൽ കെ കരുണാകരനാണ് ഈ ധൈര്യം കാണിച്ചിട്ടുള്ളത്.

രമണൻ ശ്രീവാസ്തവ എന്ന പോലീസ് ഉദ്യോഗസ്ഥനെ തള്ളിപ്പറഞ്ഞിരുന്നുവെങ്കിൽ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയില്ലായിരുന്നു. ഒടുവിൽ നഷ്ടപ്പെട്ടത് കരുണാകരന് മാത്രമായി , ശ്രീവാസ്തവ കേരളത്തിന്റെ ഡിജിപിയുമായി. പ്രസ്ഥാനം ഒഴികെ നഷ്ടപ്പെട്ടുപോയ മുഴുവൻ സ്ഥാനമാനങ്ങളും എല്ലാവർക്കും കിട്ടുകയും അല്ലാത്തവർക്ക് നഷ്ടപരിഹാരം കിട്ടുകയും ചെയ്തു.

കൂടെ നിന്നവനെ കട്ടക്ക് സഹായിച്ച കരുണാകരന്റെ മാത്രം , പോയ പണി തിരിച്ചു കിട്ടിയില്ല.
കൂടെ നിൽക്കുന്നവരുടെ മനോവീര്യം കെടുത്താതെ അവരെ സംരക്ഷിക്കാമെന്ന് പറയുന്നത് നിസ്സാരമായ ഒരു കാര്യമല്ല. പ്രത്യേകിച്ച് പൊതുരംഗത്തും പോലീസിലും.

ഒരു സംസ്കാരത്തിന്റെ ഭാഗമായി ആക്ഷൻ നടക്കുന്നത് പൊതുരംഗത്തും പോലീസിലും തന്നെയാണ്. മറ്റ് എല്ലാ വകുപ്പിലും നിശബ്ദമായ പ്രവർത്തനങ്ങൾ മാത്രമേയുള്ളൂ. ഒരാൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ പോലീസിനും പൊതുപ്രവർത്തകനും ധാരാളം എതിർപ്പുകളുണ്ടാകാം.

അതിനെ മറികടക്കാൻ എതിർപക്ഷം ധാരാളം അപഖ്യാതികൾ പറഞ്ഞു പരത്തുകയും ചെയ്യും. അതു മുഴുവൻ മുഖവിലയ്ക്കെടുക്കാതെ ആവശ്യമുള്ളതിനു മാത്രം പ്രാധാന്യം കൊടുത്ത് മുന്നോട്ടുപോയാലേ ഭരണം സുഗമമാവുകയുള്ളൂ. ആ ഒരു തന്ത്രമാണ് മുഖ്യമന്ത്രി ഇപ്പോൾ പയറ്റുന്നത്.

താൻ ധാർഷ്ട്യക്കാരനോ കർക്കശക്കാരനോ അല്ല മറിച്ച് ആവശ്യസമയത്ത് മെയ് വഴക്കമുള്ള അഭ്യാസിയായി മാറാനുമറിയാമെന്ന് ഇന്നലെ തെളിയിച്ചു. കഴിഞ്ഞമാസം പോലീസുകാരുടെ സമ്മേളനത്തിന് കോട്ടയത്തെത്തിയ മുഖ്യമന്ത്രി ഘടകകക്ഷി നേതാവായ ജോസ് കെ മാണി കയറി വന്നപ്പോൾ എഴുന്നേറ്റു നിന്ന് സ്വീകരിച്ചത് , അന്നും ചർച്ചാവിഷയമായിരുന്നു.

ഈ പ്രായത്തിലും തനിക്കൊരു മാറ്റം വഴങ്ങുമെന്നും , എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ താനെടുക്കേണ്ട ഗൗരവം അതങ്ങനെ തന്നെ കാണിക്കുമെന്നും പറയാതെ പറയുകയാണ് പിണറായി സഖാവ് .
ഇത് കേട്ടയുടൻ മറുപടി പറഞ്ഞുകൊണ്ട് അൻവറും കളത്തിൽ വന്നു.

താൻ കമ്മ്യൂണിസ്റ്റ് സംസ്കാരത്തിൽ വളർന്നവനല്ലന്ന് പറഞ്ഞ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും കണക്കിന് മറുപടി കൊടുത്താണ് അൻവറും പത്രസമ്മേളനം അവസാനിപ്പിച്ചത്. അതിനിടയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ ഡിജിപി ക്ക് കണക്കിന് കൊടുക്കാനും അൻവർ മടി കാണിച്ചില്ല.

30 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് 60 ലക്ഷം രൂപയ്ക്ക് 10 ദിവസത്തിനുള്ളിൽ വിറ്റ് കള്ളപ്പണം വെളുപ്പിച്ചുവെന്ന , ആരോപണം രേഖാമൂലം അവതരിപ്പിച്ചത് താൻ പുറകോട്ട് പോകുന്നില്ലന്നതിന്റെ സൂചനയായിരുന്നു.

അൻവറിന് , ഇനി ഇടതുപക്ഷത്ത് രക്ഷയില്ലന്ന് തന്നെയാണ് സൂചന . തനിക്ക് അതൊരു വിഷയമല്ലന്നും മറുവശത്ത് ചേക്കേറിയാൽ ഇതിലും നല്ല വിജയമുണ്ടാക്കാൻ സാധിക്കുമെന്നതാണ് അൻവറിന്റെ ധൈര്യം. മറ്റൊരു മഞ്ഞളാംകുഴി അലി ആയാൽ പ്രേക്ഷകരാരും അത്ഭുതപ്പെടേണ്ട .

കോൺഗ്രസിൽ നിന്നപ്പോൾ അൻവറിന് കിട്ടാതിരുന്ന മുഴുവൻ പ്രാധാന്യവും ഇടതുപക്ഷത്തു നിന്ന് അദ്ദേഹം നേടിയെടുത്തു. ഇനി നാടിന്റെ നന്മയ്ക്ക് വേണ്ടി ഒരുമിച്ചു പോരാടാം എന്ന ടാഗ് ലൈനോട് കൂടി പുതിയ മേച്ചിൽ പുറം തേടി പോവുകയാണ് അൻവർ ചെയ്യേണ്ടത് . അതിനുള്ള ചാലുകൾ തുറന്നു തന്നെ കിടപ്പുണ്ട്.

പഴയ തറവാട്ടിലെ കാരണവർ രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽപ്പുണ്ട് .
ഏതായാലും ഇസ്രായേൽ പാലസ്തീൻ യുദ്ധം പോലെ ഇരു കൂട്ടരും കൊണ്ടും കൊടുത്തു മുന്നോട്ടു പോകുമ്പോൾ അതിനെ സമാസമം , എന്നു മാത്രമേ ഇപ്പോൾ വിലയിരുത്താൻ സാധിക്കു.
ഇരു കൂട്ടരുടെയും ഭാവി പരിപാടികൾ കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *