Your Image Description Your Image Description

മുഖ്യമന്ത്രിയുടെ ഓഫിസിലെയും പൊലീസിലെയും 2 ഉന്നതര്‍ക്കെതിരെ ഉയര്‍ത്തിവന്ന ആരോപണങ്ങളില്‍ ആദ്യമായി സിപിഎമ്മിനെക്കൂടി കക്ഷിചേര്‍ത്ത് പി.വി.അന്‍വര്‍ രംഗത്ത് വന്നെങ്കിലും പിണറായി സഖാവ് പരസ്യമായി തള്ളി പറഞ്ഞ സാഹചര്യത്തിലിനി പാര്‍ട്ടിക്കാരുടെ പരസ്യ പിന്തുണ നിലമ്പൂര്‍ എംഎല്‍എയ്ക്ക് കിട്ടില്ല.

ഇതോടെ മറ്റ് രാഷ്ട്രീയ ആലോചനകളും അന്‍വര്‍ തുടങ്ങി. മുന്നണി മാറ്റം ഉൾപ്പെടെ അന്‍വര്‍ പരിഗണിക്കുന്നു. സിപിഎമ്മിലെ ഒരു വിഭാഗം തന്നോടൊപ്പമുണ്ടെന്ന് വരുത്താനുള്ള ശ്രമവും അന്‍വര്‍ ബോധപൂര്‍വ്വം നടത്താനാണ് ശ്രമിക്കുന്നത് .

കോഴിക്കോടും മലപ്പുറത്തും സിപിഎമ്മിലെ ചില പ്രധാനികളുടെ പിന്തുണ അന്‍വറിനുണ്ടായിരുന്നു. എന്നാല്‍ പിണറായി കടുത്ത ഭാഷയില്‍ തള്ളി പറഞ്ഞത് ഈ നേതാക്കളേയും വെട്ടിലാക്കി. അവരും ഇനി അൻവറിനെ പിന്തുണക്കില്ല .

പി.ശശിക്കും അജിത്കുമാറിനും പിന്നില്‍ പിണറായി ഉറച്ചുനിന്നതോടെ സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ തേടാനുള്ള ശ്രമമാണ് അന്‍വര്‍ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. എന്നാലതും പിണറായി സഖാവ് ഗൗരവത്തിലെടുക്കുന്നില്ല.

ശശിക്കെതിരെ കണ്ണൂരിലെ പാര്‍ട്ടിക്കാര്‍പോലും തന്നെ സമീപിച്ചെന്ന അൻവറിന്റെ തുറന്നുപറച്ചില്‍ സിപിഎം തള്ളി . അതും തന്ത്രത്തിന്റെ ഭാഗമാണ്. കോഴിക്കോടും മലപ്പുറത്തുമുള്ള ചിലരുടെ പിന്തുണ അന്‍വറിനുണ്ട്. എന്നാല്‍ കണ്ണൂരിലെ ആരും അന്‍വറിനെ കണ്ടുവെന്ന് മുഖ്യമന്ത്രി കരുതുന്നില്ല.

ഇനി അന്‍വറിന്റെ ഓരോ നീക്കവും പിണറായി സഖാവ് നിരീക്ഷിക്കും. അന്‍വറുമായി ബന്ധപ്പെടുന്ന പാര്‍ട്ടിക്കാരേയും കണ്ടെത്തും. പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയാണു താന്‍ ഇടപെടുന്നതെന്ന് വരുത്താനാണ് അന്‍വറിന്റെ ശ്രമം.

വിവാദങ്ങള്‍ക്കൊടുവില്‍ വഴി പുറത്തേക്കെങ്കില്‍, അതു രക്തസാക്ഷി പരിവേഷത്തോടെയാകണമെന്ന നിര്‍ബന്ധബുദ്ധിയും അന്‍വറിനുണ്ട്. അന്‍വറിനെ പഴയ കോണ്‍ഗ്രസുകാരനാക്കിയതും വന്ന വഴിയെ കുറിച്ച് പറഞ്ഞതുമെല്ലാം പിണറായി മനപ്പൂർവ്വവും , വ്യക്തമായ ലക്ഷ്യത്തോടെയുമാണ്.

അച്ചടക്ക ലംഘനം ഇടതുപക്ഷത്ത് നടക്കില്ലെന്ന് പറയാതെ പറഞ്ഞുവെച്ചു . അന്‍വറിന് രേഖകള്‍ എത്തിച്ചു നല്‍കിയവര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു . കുറച്ച് രേഖകള്‍ വച്ച് പുകമറ സൃഷ്ടിക്കലാണ് അന്‍വറിന്റെ രീതി. ഇതിന് തെളിവായി കുണ്ടമണ്‍കടവിലെ സ്വാമിയുടെ ആശ്രമം കത്തിക്കല്‍ കാണുന്നു.

ഈ കേസില്‍ പ്രതികളെ പിടിക്കാന്‍ മുന്നില്‍ നിന്നത് എഡിജിപി അജിത് കുമാറാണ്. അതിന് മുമ്പ് ആ കേസില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ പൊതു സമൂഹത്തില്‍ പോലീസിനെതിരെയുള്ള ഒരു ആരോപണത്തെ അജിത് കുമാറിനെതിരെ പുകമറയിലൂടെ തിരിച്ചു വിടാന്‍ ശ്രമിച്ചു.

കാര്യങ്ങള്‍ പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കു മനസ്സിലായിട്ടും മുഖ്യമന്ത്രിയോടു പറയാത്തത് അദ്ദേഹത്തെ കുഴപ്പത്തില്‍ ചാടിക്കാനാണോയെന്നു സംശയമുന്നയിച്ച് പാര്‍ട്ടിയിലെ വിഭാഗീയതയിലേക്കാണ് അന്‍വര്‍ വിരല്‍ചൂണ്ടിയത്.

മാധ്യമങ്ങളോടു പറയുന്നതിനു മുന്‍പു പറയേണ്ടതു പാര്‍ട്ടിയോടായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ, പലവട്ടം പാര്‍ട്ടിക്കു പരാതി നല്‍കിയെന്ന മറുവാദവുമായി അന്‍വറതിനെ ഖണ്ഡിച്ചു . പക്ഷേ പാര്‍ട്ടിക്ക് , മുഖ്യമന്ത്രിക്ക് നല്‍കിയ ശേഷം മാത്രമേ പരാതി നല്‍കിയുള്ളൂവെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ സിപിഎം സമ്മേളന കാലത്തു തന്നെ അന്‍വറിനെതിരെ ശക്തമായ നിലപാട് മുഖ്യമന്ത്രി എടുക്കും.

പി. ശശിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം ശക്തമായി രംഗത്തുണ്ട്. കണ്ണൂരിലെ രക്തസാക്ഷി കുടുംബങ്ങളില്‍നിന്നുപോലും കണ്ണീരോടെ ശശിക്കെതിരേ പറഞ്ഞകാര്യങ്ങള്‍ കൈവശമുണ്ടെന്നാണ് അന്‍വര്‍ പറയുന്നത്.

ശശി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ആളാണെന്ന മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റും ആര്‍.എസ്.എസ്. നേതാവുമായി എ.ഡി.ജി.പി. രഹസ്യകൂടിക്കാഴ്ച നടത്തിയതും അന്‍വര്‍ പലതലത്തില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നു.

പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ വിശ്വസ്തരെ തള്ളിപ്പറയാതെ പ്രത്യാക്രമണം നടക്കുമ്പോഴും , എല്ലാവരും ചതി പ്രയോഗങ്ങള്‍ മുന്നില്‍ കണ്ട് കരുതിയിരിക്കണമെന്ന നിര്‍ദ്ദേശമാണ് പിണറായി സഖാവ് നല്‍കുന്നത് .

സര്‍ക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കിയ വെളിപ്പെടുത്തല്‍ നടത്തിയ പി.വി. അന്‍വറിനെ ഇന്നലത്തെ പത്രസമ്മേളനത്തില്‍ പിണറായി മനപ്പൂർവ്വമാണ് തള്ളിപ്പറഞ്ഞത് . ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുരുക്കിലാക്കാന്‍ എന്തും ചെയ്യാന്‍ അന്‍വര്‍ തുനിയുമെന്ന് മുഖ്യമന്ത്രി ചിന്തിക്കുന്നു . മുതിര്‍ന്ന പാര്‍ട്ടി സഖാക്കള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നത് റിക്കോര്‍ഡ് ചെയ്ത് ആരെങ്കിലും പുറത്തു വിടുമോയെന്ന പിണറായിയുടെ മാസ് ഡയലോഗ് അതിനിര്‍ണ്ണായകമാണ്. അന്‍വറുമായി ഫോണില്‍ സംസാരിക്കുന്നവര്‍ കരുതലെടുക്കണമെന്ന ഉപദേശം കൂടിയാണ് പിണറായി പറഞ്ഞുവയ്ക്കുന്നത് .

ഇതിനൊപ്പമാണ് എല്ലാ അര്‍ത്ഥത്തിലും അന്‍വറിനെ പിണറായി നിശതമായി തള്ളി പറഞ്ഞതും. ”കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒപ്പമുള്ള എം.എല്‍.എ. എന്ന നിലയില്‍ അന്‍വര്‍ ചെയ്യേണ്ടിയിരുന്നത് പ്രശ്‌നം പാര്‍ട്ടിയുടെയും എന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്ന് പറഞ്ഞതും .

മാധ്യമങ്ങളോടു സംസാരിക്കരുതെന്നു പറഞ്ഞിട്ടും കൂട്ടാക്കിയില്ലന്ന ഡയലോഗ് ” അന്‍വറിനോടുള്ള നീരസം പ്രകടമാക്കലായിരുന്നു . ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ അന്‍വര്‍ നല്‍കേണ്ടി വരും. ഇല്ലാത്ത പക്ഷം അന്‍വറിനെതിരെ നടപടികളുമുണ്ടാകുമെന്നും പിണറായി മുന്നറിയിപ്പ് നൽകി .

 

Leave a Reply

Your email address will not be published. Required fields are marked *