Your Image Description Your Image Description

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധ നദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹു മഹാവിഷ്ണുരൂപത്തിൽ കുടികൊള്ളുന്ന പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണ പരമാത്മാവാണ് മുഖ്യ പ്രതിഷ്ഠ. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്രമുറ്റം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്. ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു. ആറന്മുള കണ്ണാടിയും വളരെ പ്രശസ്തമാണ്.

എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നതും ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.

ഐതിഹ്യം

ചതുർബാഹുവായ വിഷ്ണുവിന്റേതാണ് ആറന്മുള വിഗ്രഹം എന്നാണു വിശ്വാസം. ഭാരതയുദ്ധത്തിൽ ഭീഷ്മർ അർജ്ജുനനെ നിഗ്രഹിച്ചേക്കുമെന്ന് കരുതി ശ്രീകൃഷ്ണൻ അവലംബിച്ച വിശ്വരുപത്തിന്റെ നിലയിലാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നും ചിലർ വിശ്വസിക്കുന്നു. കുരുക്ഷേത്രയുദ്ധത്തിൽ വച്ച് ഗീതോപദേശം ചെയ്ത ശേഷം അർജ്ജുനനു കാണിച്ചുകൊടുത്ത് കൃഷ്ണന്റെ വിശ്വരൂപത്തിന്റെ നിലയിലാണെന്നും വ്യാഖ്യാനം ചെയ്തിട്ടുണ്ട്. ഈ വിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് നിലയ്ക്കൽ എന്ന സ്ഥലത്തായിരുന്നു. ഈ സ്ഥലത്തേക്ക് എത്തിച്ചേരുന്ന ഭക്തരും ക്രിസ്ത്യാനികൾ ഉൾപ്പെട്ട നാട്ടുകാരുമടക്കം കാട്ടുജീവികളുടെ ഭീഷണിയെ തുടർന്ന് നിലയ്ക്കൽ ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിയിലും കടമ്പനാട്ടും വാസമുറപ്പിച്ചു. ഇതോടൊപ്പം ആരാധനാമൂർത്തിയേയും ഭക്തർ കൊണ്ടുപോന്നു. ചാക്കന്മാർ ആറുമുളകൾ കെട്ടിയ ചങ്ങാടത്തിൽ വിഗ്രഹം കൊണ്ട് പോരുന്ന വഴിയിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തു നിന്നും അല്പം പടിഞ്ഞാറായി തെക്കേക്കരയിൽ ഒരു മാടത്തിൽ വിളക്കു കണ്ട് ചങ്ങാടം അടുപ്പിച്ചു. വിഗ്രഹം അവിടെക്കൊണ്ടു വച്ചു. വിളക്ക് കണ്ട സ്ഥലത്തിന് ഇന്ന് വിളക്കുമാടം എന്നാണ് പേര്. വിഗ്രഹം ആറു മുളന്തണ്ടുകളിൽ കൊണ്ടു വന്നതിനാൽ സ്ഥലത്തെ ആറന്മുള എന്നും വിളിക്കുന്നതായാണ് ഐതിഹ്യം.

എന്നാൽ പാർത്ഥസാരഥി ക്ഷേത്രപ്പറ്റി വിവരണമുള്ള പുരാതന കാവ്യമായ തിരുനിഴൽമാലയിൽ ഈ ഐതിഹ്യത്തെപറ്റിയോ വിഗ്രഹപ്രതിഷ്ഠയെപ്പറ്റിയോ ഉള്ള യാതൊരു സൂചനയും ഇല്ല. ആറന്മുള ആശാൻ എന്നറിയപ്പെടുന്ന ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ രചിച്ച ആറന്മുള വിലാസം ഹംസപ്പാട്ടിൽ ബ്രഹ്മചാരീ രൂപം എടുത്ത് നദിക്കരയിൽ നിന്ന കൃഷ്ണഭഗവാനെ ചാക്കന്മാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റി വിളക്കുമാടത്തിൽ എത്തിച്ചു എന്നു വിവരിക്കുന്നുണ്ട്. വിളക്കുമാടത്തിനടുത്ത് കീഴ് തൃക്കേവിലിനു തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചുവെന്നും ആശാൻ വിവരിക്കുന്നു. ക്ഷേത്രത്തിലേക്ക് മണ്ണെടുത്തു എന്നു കരുതി വന്നിരുന്ന ഒരു കുഴി അടുത്തകാലം വരെ അവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടകൾ തല്ലി മണ്ണുകളഞ്ഞ സ്ഥലം കൊട്ടതട്ടിമാലി എന്നറിയപ്പെട്ടു എന്നും അദ്ദേഹം വിവരിക്കുന്നു.

പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് മറ്റൊരു വിശ്വാസം. പാർത്ഥസാരഥിയായ കൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. യുദ്ധക്കളത്തിൽ നിരായുധനായ കർണ്ണനെ കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെ അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ഐതിഹ്യം.

ചരിത്രം

ക്ഷേത്രത്തെ കുറിച്ച് ആദ്യത്തെ വിവരണം ലഭിക്കുന്നത് പ്രാചീന കൃതിയായ നമ്മാഴ്വാർടെ തിരുവായ്മൊഴിയിൽ നിന്നാണ്. ദ്രാവിഡവേദമെന്നാണ് ഈ കൃതി അറിയപ്പെടുന്നത്. എഴാം ശതകത്തിനും എട്ടാം ശതകത്തിനും ഇടക്കാണ് നമ്മാഴ്വാർ ജീവിച്ചിരുന്നതെന്നു കരുതുന്നു. ക്ഷേത്രത്തിനു അതിനേക്കാൾ ഏറെ പഴക്കവുമുണ്ടെന്ന് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

ആറന്മുള വിലാസം ഹംസപ്പാട്ടിൽ കൊല്ലവർഷം 926 ൽ (ക്രി.വ. 1751) ആറന്മുള ഉൾപ്പട്ട പ്രദേശം മാർത്താണ്ഡ വർമ്മ മഹാരാജാവ് പിടിച്ചടക്കിയതായും 1781 ൽ ക്ഷേത്രത്തിനു തീപിടിച്ചതായും 1784ൽ നവീകരണ പ്രതിഷ്ഠ നടത്തിയതായും പ്രസ്താവിച്ചിരിക്കുന്നു. തിരുവിതാംകൂർ രാജാക്കന്മാർക്ക് ക്ഷേത്രകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. 1751 മാർത്താണ്ഡവർമ്മയാണ് ക്ഷേത്രത്തിനു ചുറ്റുമതിൽ സ്ഥാപിച്ചത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് പന്ത്രണ്ട് കളഭം ആരംഭിച്ചു. വൃശ്ചികം ഒന്നു മുതൽ ഒരോ ദിവസവും ഓരോ അവതാര രൂപത്തിൽ കളഭചാർത്ത് നടത്താറുണ്ടിവിടെ. ഇന്നും മുടക്കം വരാതെ നടത്തിവരുന്നു.

1812 കേണൽ മൺറോയുടെ വിളംബരം അനുസരിച്ച് മറ്റ് ക്ഷേത്രങ്ങളോടൊപ്പം ഈ ക്ഷേത്രവും സർക്കാരിനധീനമായി. അതിനുശേഷം കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് ഇന്നു കാണുന്ന മണ്ഡപം പണി കഴിപ്പിച്ചു. അതിമനോഹരങ്ങളായ ചിത്രപ്പണികൾ ഈ മണ്ടപത്തിലുണ്ട്. 1895 ൽ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് ചെമ്പ് കൊടിമരം മാറ്റി തൽസ്ഥാനത്ത് സ്വർണ്ണം പൂശിയ കൊടിമരം സ്ഥാപിച്ചു.

വാസ്തുശില്പരീതി – ആറന്മുള ക്ഷേത്ര ഗോപുരം

കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം ഇവിടെയാണ്.

തെക്കേ ഗോപുരം – ഗോപുരങ്ങൾ

കേരളീയ വാസ്തുശില്പകലയുടെ നിദർശനമാണ് ആറന്മുള ക്ഷേത്രം. നാലു ഗോപുരങ്ങളും നാലു മാതൃക പിന്തുടർന്നിരിക്കുന്നു. കിഴക്കേ ഗോപുരം കലാസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ ദാരുശില്പങ്ങൾ നിറഞ്ഞതാണ്. കരിങ്കൽ തൂണുകളിലും കൊത്തുപണികൾ ഉണ്ട്. ബലിക്കൽ പുരയിൽ കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നത് വ്യാളികളുടെ പ്രതിമയാണ്. കേരളീയ ശില്പകലാവൈഭ   വം പ്രതിഫലിക്കുന്നതാണിവ. ക്ഷേത്രത്തിൻറെ ചുമരുകളെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ വരച്ച മനോഹരമായ ചിത്രങ്ങളാൽ അലംകൃതമാണ്.

കിഴക്കൻ ഗോപുരത്തിലേക്ക് പതിനെട്ട് പടികളാണുള്ളത്. ചുറ്റുപാടും നിന്നുള്ള മണ്ണുകൊണ്ട് ഉയർത്തിയെടുത്ത പ്രതലത്തിലാണ് ക്ഷേത്രം. പമ്പാനദിയിൽ മഴവെള്ളം നിറയുമ്പോൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാതിരിക്കാനായാണ് അടിത്തറ ഉയർത്തിയിരിക്കുന്നത്.

ക്ഷേത്രപരിസരത്തിലേക്ക് പ്രവേശിക്കുന്നതിനായി നാലുവശത്തും നാലു കവാടങ്ങളുണ്ട്. നാലു ഗോപുരങ്ങളിൽ നാലു മലദൈവങ്ങൾ കാവൽ നിൽക്കുന്നുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് പുന്നന്തോട്ട് ഭഗവതിയും ഇടപ്പാറമലയും, പടിഞ്ഞാറേ ഗോപുരത്തിന് ചെറുപുഴക്കാട്ട് ഭഗവതിയും പുലിക്കുന്നു മലയും, വടക്കേ ഗോപുരത്തിന് പൂതിക്കുന്ന് ദേവിയും കടപ്ര മലയും, തെക്കേ ഗോപുരത്തിന് പള്ളിമുക്കത്ത് ഭഗവതിയും കാനക്കൊഴ,മലയും അരിങ്ങോട്ടുമലയും കാവൽ നിൽക്കുന്നുവെന്നാണ് സങ്കല്പം.

ആനക്ക് ചവിട്ടിക്കയറുവാൻ സാധിക്കുന്നതരത്തിൽ വീതിയുള്ള പതിനെട്ട് വലിയ പടികൾ കിഴക്കേ ഗോപുരത്തിൽ സ്ഥാപിച്ചിരിക്കുന്നു. വടക്കേ ഗോപുരത്തിൽ നിന്ന് പമ്പയിലേക്കിറങ്ങാൻ 57 പടികളാണ് ഉള്ളത്. എട്ട് ആനകൾക്ക് നിരന്നു നിൽകാനുള്ള സൗകര്യം ആനക്കൊട്ടിലിനുണ്ട്.

കൊടിമരം

ആനക്കൊട്ടിലിനരികെ സ്വർണ്ണം പൂശിയ കൊടിമരം സ്ഥിതിചെയ്യുന്നതിനു മുന്നിലായി പ്രധാന ബലിക്കല്ല് ഉണ്ട്. ചതുരാകൃതിയിലാണ് ചുറ്റമ്പലമെങ്കിലും ശ്രീകോവിൽ വൃത്താക്കൃതിയിലാണ്. ഇത് ചെമ്പു മേഞ്ഞിരിക്കുന്നു. ശ്രീകോവിലിന്റെ പുറത്തുള്ള ചുവരും നമസ്കാരമണ്ഡപവും ചിത്രപ്പണികളാൽ അലംകൃതമാണ്. ശ്രീകോവിലിനും രണ്ടു ചുവരുകൾ ഉണ്ട്. അവക്കുള്ളിൽ ഗർഭഗൃഹവും സ്ഥിതിചെയ്യുന്നു.

വിഗ്രഹം

കരിങ്കല്ലിൽ തീർത്ത പ്രധാന വിഗ്രഹത്തിന് അഞ്ചടിയിലധികം ഉയരം കണക്കാക്കപ്പെടുന്നു. എന്നാൽ വിഗ്രഹം നീലാഞ്ജനത്താൽ ഉണ്ടാക്കിയതെന്ന് ഒരു വിഭാഗം അഭിപ്രയപ്പെടുപ്പോൾ, കടുശർക്കരയോഗം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്. സങ്കല്പം പാർത്ഥസാരഥിയുടേതാണെങ്കിലും വിഗ്രഹത്തിൽ നാലു കൈകൾ ഉണ്ട്. മുകളിലേക്ക് ഉയർത്തിപ്പിടിച്ചിരിക്കുന്ന വലം കയ്യിൽ സുദർശനചക്രവും ഇടം കയ്യിൽ ശംഖും താഴെ ഇടം കയ്യിൽ ഗദയും വലതു കയ്യിൽ താമരപ്പൂവുമാണ് ഉള്ളത്. പാർശ്വത്തിൽ ലക്ഷ്മിയും ഭൂമിദേവിയും (ശ്രീദേവി) ഭഗവാനെ പരിസേവിക്കുന്ന തരത്തിൽ നിലകൊള്ളുന്നു.

തന്ത്രസമുച്ചയഗ്രന്ഥത്തിൽ പറയപ്പെടുന്ന സർവ്വലക്ഷണങ്ങളും തികഞ്ഞതാണീ വിഗ്രഹം എന്ന് പലരും കരുതുന്നു. എന്നാൽ വിഗ്രഹത്തിനു കാലത്തിന്റേതായ വൈകല്യങ്ങൾ വന്നു ചേർന്നിട്ടുണ്ടെന്ന് പഴയ തന്ത്രിമാരിൽ ചിലർ രേഖപ്പെടുത്തുന്നു. പീഠത്തിന് അഞ്ചടി ഉയരവും അതിൽ നിന്ന് വിഗ്രത്തിനു നാലരയടിയോളം ഉയരം കാണുമത്രെ. അതുകൊണ്ട് പുറത്തു നിന്ന് നോക്കിയാൽ വിഗ്രഹത്തിന് അഞ്ചടിയുടെ ഉയരം തോന്നിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *