Your Image Description Your Image Description

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഗസറ്റഡ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ കൈപ്പറ്റി എന്ന് കണ്ടെത്തിയതിനു പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുമായി സർക്കാർ. അനർഹർ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അനർഹമായി വാങ്ങിയ പെൻഷൻ തുക പിഴ സഹിതം തിരികെ ഈടാക്കും. ഇത് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ വ്യാജരേഖകൾ ചമച്ച് സർക്കാരിനെ കബളിപ്പിച്ച് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെടുന്ന അവസരത്തിൽ പെൻഷൻ അടിയന്തരമായി റദ്ദു ചെയ്യുകയും അനർഹമായി കൈപ്പറ്റിയ പെൻഷൻ തുക 18% പിഴപ്പലിശ സഹിതം തിരികെ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ അനർഹരായ വ്യക്തികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിന് സഹായകരമായ രീതിയിൽ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. നിലവിലുള്ള സർക്കാർ ഉത്തരവുകളും നിർദ്ദേശങ്ങളും പാലിക്കാതെ അനർഹരായ നിരവധി ആളുകൾ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണർക്കും നിരാലംബരുമായവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ സർക്കാർ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അർഹതപ്പെട്ടവർക്കെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം അനർഹരായവർ കൈക്കലാക്കുന്നത് തടയേണ്ടതും സർക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണ്. അനർഹർ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *