Your Image Description Your Image Description

️ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദേവന്മാരാണ് ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത്. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നും വിശേഷിപ്പിക്കപ്പെടുന്നു ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ ദേവന്മാർ. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായിരിക്കുമ്പോൾത്തന്നെ മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് രുദ്രനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. പരാശക്തിയാണ് ത്രിമൂർത്തികളുടെയും ജനയിത്രിയെന്നും കല്പാന്തത്തിൽ ത്രിമൂർത്തികൾ പരാശക്തിയിൽ വിലയം പ്രാപിക്കുകയും, അടുത്ത കല്പത്തിന്റെ ആരംഭത്തോടെ വീണ്ടും ജനിക്കുകയും ചെയ്യുന്നു എന്നുമാണ് കാലചക്രത്തെ പുരാണങ്ങളിൽ വിലയിരുത്തുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളുമായി ബന്ധപ്പെടുത്തിയും വിഷ്ണു, ബ്രഹ്മാവ്, പരമശിവൻ എന്നിവരെ പരാമർശിക്കപ്പെടാറുണ്ട്.

️മഹാപ്രളയത്തിന്റെ അന്ത്യത്തോടെ വിസ്തൃതമായ ജലപ്പരപ്പിൽ ആലിലയിൽ കാണപ്പെടുന്ന ശിശുരൂപനായ മഹാവിഷ്ണുവിന്റെ മുന്നിൽ പരാശക്തി പ്രത്യക്ഷയായി അടുത്ത മഹായുഗത്തിന്റെ ആരംഭമായതായി ഓർമിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ പ്രത്യക്ഷനാകുന്ന ബ്രഹ്മാവിന് നാലു ദിക്കിലേക്കും മുകളിലേക്കും നോക്കുമ്പോൾ അഞ്ച് മുഖം ഉണ്ടാകുന്നു. തന്നെപ്പറ്റിയോ തന്റെ ലക്ഷ്യത്തെപ്പറ്റിയോ ഒന്നുമറിയാതെ വിഷണ്ണനായിരിക്കുമ്പോൾ ‘തപസ്സു ചെയ്തു ശക്തിനേടി സൃഷ്ടി കർമത്തിലേർപ്പെടുക’ എന്ന് അശരീരി കേൾക്കുകയും ബ്രഹ്മാവ് സൃഷ്ടികർമം ആരംഭിക്കുകയും ചെയ്യുന്നു. ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽനിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.

ത്രിമൂർത്തികളുടെ മഹത്ത്വം

ത്രിമൂർത്തികളിൽ കൂടുതൽ മഹത്ത്വം ആർക്കാണെന്നു പരീക്ഷിക്കുന്നതിന് മഹർഷിമാർ ഒരിക്കൽ ഭൃഗുമഹർഷിയെ നിയോഗിച്ചു. പിതൃസ്ഥാനീയനായ ബ്രഹ്മാവിന്റെ സമീപത്തുചെന്ന മഹർഷി ഒരു സുഹൃത്തിനെയെന്നവണ്ണം ബ്രഹ്മാവിനെ അഭിവാദ്യം ചെയ്തു. ബ്രഹ്മാവ് കുപിതനായി മഹർഷിയെ ശകാരിച്ചു. കൈലാസത്തിലെത്തിയ മഹർഷി പരമശിവൻ പാർവതിയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് പരിഹസിക്കുകയും പരമശിവന്റെയും പാർവതീദേവിയുടെയും കോപത്തിനു പാത്രമാവുകയും ചെയ്തു. വൈകുണ്ഠത്തിലേക്കാണ് പിന്നീട് മഹർഷി പോയത്. മഹർഷി വരുന്നതറിയാതെ അനന്തശായിയായി ഉറക്കത്തിലായിരുന്ന മഹാവിഷ്ണുവിനെ, താൻ വന്നിട്ടു സത്കരിക്കാഞ്ഞതിനെന്നവണ്ണം മഹർഷി നെഞ്ചിൽ ചവുട്ടി. പെട്ടെന്നുണർന്ന മഹാവിഷ്ണു മുനിയുടെ പാദം തലോടിക്കൊണ്ട് ക്ഷമ ചോദിക്കുകയും പാദത്തിന് വേദനയുണ്ടായോ എന്ന് ആരായുകയും ചെയ്തു. മുനിയുടെ പാദാഘാതത്തിന്റെ ഫലമായി മഹാവിഷ്ണുവിന്റെ മാറിലുണ്ടായ കലയാണ് ‘ശ്രീവത്സം’ എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സംഭവമെല്ലാം ഭൃഗുമുനി മറ്റു മഹർഷിമാരെ അറിയിച്ചു.

മഹാവിഷ്ണുവും പരമശിവനും, പരമശിവന്റെ പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഭക്തന്മാരാൽ ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പൂജിക്കപ്പെടുമ്പോൾ ബ്രഹ്മാവ് അത്രതന്നെ പ്രാധാന്യത്തോടെ പൂജിക്കപ്പെടുകയോ സ്തുതിക്കപ്പെടുകയോ ചെയ്യുന്നില്ല. ഈ മഹിമകളെ കുറിച്ചുളള തർക്കം ഉണ്ടായത് മനുഷ്യനിലെ അഹമോധത്തിന്റെ മറ്റൊരുതലമാണെന്നും വലിപ്പചെറുപ്പത്തിന്റെ മഹിമ മനുഷ്യനിൽ ഉളളതിനാലുമാണ് എന്ന് തർക്കശാസ്ത്രത്തിൽ പറയാറുണ്ട്.

ജീവിത യാത്രയിൽ ത്രിമൂർത്തികളുടെ മാഹാത്മ്യം വളരെ വലുതാണ്. രുദ്രനും നാരയണനും ബ്രഹ്മാവും – ഭൂതം, ഭാവി, വർത്തമാനത്തെ കുറിച്ചും യോഗദർശ്ശനം സിദ്ധിച്ചവരായ ത്രികാല ദർശ്ശികൾ ആണ്. ശിവൻ വിഷ്ണുവിനെയും, വിഷ്ണു ശിവനെയും ഇവർ ഇരുവരും ബ്രഹ്മദേവനേയും ആരാധിച്ചു പോരുന്നു. ഇതിൽ വലിപ്പചെറുപ്പത്തിന്റെ ആവശ്യകത തെല്ലും ഇല്ലെന്നതാണ് വാസ്തവം.

Leave a Reply

Your email address will not be published. Required fields are marked *