Your Image Description Your Image Description

യാതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറെ വിശേഷപ്പെട്ട ദിവസമാണു പിറന്നാൾ. നമ്മൾ പിറന്നാൾ ആചരിക്കുന്നതു പല രീതിയിലാണ്. ജനിച്ച ഇംഗ്ലിഷ് മാസവും തീയതിയും അടിസ്ഥാനമാക്കി പിറന്നാൾ ആചരിക്കുന്ന രീതിയാണ് ഇപ്പോൾ ഏറെയും. ജന്മതിഥിയുടെയും ജന്മനക്ഷത്രത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലും പിറന്നാൾ ആചരിക്കുന്നു.

പുരാതനഭാരതത്തിൽ ജന്മതിഥി അടിസ്ഥാനമാക്കി പിറന്നാൾ ആചരിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ശ്രീരാമനവമിയും കൃഷ്ണാഷ്ടമിയുമൊക്കെ ആഘോഷിക്കുന്നത് ഈ രീതിയിലാണ്. എന്നാൽ, ജനിച്ച ദിവസത്തെ നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ പിറന്നാൾ ആചരിക്കുന്ന രീതിയായിരുന്നു കേരളത്തിൽ പണ്ട് ഉണ്ടായിരുന്നത്. ഇന്നത്തെപ്പോലെ ഇംഗ്ലിഷ് രീതിയിലുള്ള ജനുവരി, ഫെബ്രുവരി തുടങ്ങിയ മാസങ്ങൾ അന്നു പ്രചാരത്തിൽ ഇല്ലാതിരുന്നതിനാൽ ചിങ്ങം, കന്നി, തുലാം തുടങ്ങിയ മലയാളം മാസങ്ങളാണു പിറന്നാൾ കണക്കുകൂട്ടാനായി പരിഗണിച്ചിരുന്നത്. അങ്ങനെ ഓരോ വർഷവും മലയാള മാസത്തിലെ ജന്മനക്ഷത്രം വരുന്ന ദിവസം പിറന്നാൾ ആചരിക്കുന്ന രീതി പ്രചാരത്തിലായി.

അശ്വതി, ഭരണി, എന്ന് തുടങ്ങി ആകെ 27 നക്ഷത്രങ്ങൾ. അതുകൊണ്ടുതന്നെ ഓരോ മാസവും ചില നക്ഷത്രങ്ങൾ രണ്ടു തവണ വരും. അപ്പോൾ പിറന്നാൾ ആയി ആചരിക്കേണ്ടത് ഏതു ദിവസമാണെന്ന് പലർക്കും സംശയമുണ്ടാകാം.

രണ്ടു തവണ ജന്മനക്ഷത്രം വന്നാൽ?

ഒരു മലയാളമാസത്തിൽ രണ്ടു തവണ ജന്മനക്ഷത്രം വന്നാൽ രണ്ടാമത്തേതാണ് പിറന്നാൾ ആയി സ്വീകരിക്കേണ്ടത്. എന്നാൽ, രണ്ടാമതു വരുന്ന നക്ഷത്രത്തിൽ അടുത്ത മാസത്തെ സൂര്യസംക്രമം സ്പർ ശിക്കുന്നുണ്ടെങ്കിൽ ആ മാസത്തിൽ ആദ്യം വരുന്ന ജന്മനക്ഷത്രം തന്നെ പിറന്നാൾ ആയി സ്വീകരിക്കണം.

പിറന്നാൾ ദിവസം സൂര്യോദയം കഴിഞ്ഞ് ഏകദേശം രണ്ടു മണിക്കൂർ 24 മിനിറ്റ് (നക്ഷത്രസമയത്തിന്റെ പത്തിലൊന്നു ഭാഗം) നേരത്തേക്കെങ്കിലും ജന്മനക്ഷത്രം ഉണ്ടായിരിക്കണം. ഏതായാലും, പിറന്നാൾ ദിവസം കണ്ടെത്തുന്നതിൽ ആശങ്ക വേണ്ട. ഓരോ മാസത്തെയും ഓരോ നക്ഷത്രക്കാരുടെയും പിറന്നാൾ ഏതു ദിവസമാണെന്നത് മിക്ക പഞ്ചാംഗങ്ങളിലും പ്രത്യേകം കൊടുത്തിട്ടുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *