Your Image Description Your Image Description

ഹൈന്ദവ വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്പങ്ങളുടെയും ദിവസങ്ങളുടെയും പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമർപ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും ഉപാസനയും ഈ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ച് അനുഷ്ഠിച്ചു വരുന്നു. ആഴ്ചയിലെ ഓരോ ദിവസവും ആരാധിക്കേണ്ട ദേവതകളും അനുഷ്ടാനങ്ങളും വിശദമായി അറിയാം.

ഞായർ

സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായർ. സംസ്കൃതത്തിലും ഹിന്ദിയിലും ഞായർ ‘രവിവാര’ മാണ്. ‘രവി’ എന്നാൽ ‘സൂര്യൻ’ എന്നർഥം. കാലത്തിന്റെ കർമസാക്ഷിയായ സൂര്യഭഗവാനെ പ്രാർത്ഥിച്ചാൽ ത്വക്ക് സംബന്ധമായ രോഗങ്ങളിൽ നിന്നും മുക്തി നേടാനാകുമെന്നാണ് വിശ്വാസം. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഞായറാഴ്ചയും സൂര്യനെ ഭജിക്കുന്നതും നല്ലതാണ്. ആഗ്രഹസാഫല്യമാണ് സൂര്യഭഗവാൻ നല്കുന്ന അനുഗ്രഹം. ചുവന്ന പൂക്കളാണ് അർപ്പിക്കേണ്ടത്. നെറ്റിയിൽ രക്തചന്ദനക്കുറി അണിയുന്നതും നല്ലതാണ്. സുര്യനെ പ്രതിനിധാനം ചെയ്യുന്നത് ശിവനാണ്. അതിനാൽ ഒപ്പം മഹാദേവനെയും പൂജിക്കുക.

തിങ്കൾ

ശിവഭജനത്തിനു ഉത്തമമായ ദിവസമാണ് തിങ്കൾ. ശിവൻ ഉഗ്രകോപിയാണെന്നാണ് പറയുന്നതെങ്കിലും ക്ഷിപ്രപ്രസാദി കൂടിയാണ് ഭഗവാൻ. കല്യാണം കഴിയാത്ത പെൺകുട്ടികൾ ഉത്തമ ഭർത്താവിനെ ലഭിക്കാൻ ശിവനെ ആരാധിക്കാറുണ്ട്. വിവാഹിതർ ദീർഘമാംഗല്യത്തിനു വേണ്ടിയും മഹാദേവനെ പ്രാർഥിക്കുകയും തിങ്കളാഴ്ച വ്രതം നോല്ക്കുകയും ചെയ്യുന്നു. ബുദ്ധി വളർച്ചയ്ക്കും ആഗ്രഹസാഫല്യത്തിനും തിങ്കളാഴ്ച വ്രതം ഉത്തമമാണ്. തിങ്കൾ എന്നാൽ ചന്ദ്രൻ, അതിനാൽ ശിവനൊപ്പം പാർവതിയേയും ഭജിക്കുക. ശിവനും പർവതിക്കും കൂവളത്തില വിശിഷ്ട പുഷ്പമാണ്. ദുർഗ്ഗാസൂക്തം തിങ്കളാഴ്ചകളിൽ ജപിക്കുന്നത് അത്യുത്തമമാണ്.

ചൊവ്വ

ഗണപതി, ദുർഗ്ഗ, ഭദ്രകാളി, ഹനുമാൻ എന്നീ ദേവതകളെ ഉപാസിക്കാൻ ഉത്തമമായ ദിവസമാണ് ചൊവ്വ. പ്രത്യേകിച്ച് ഹനുമാനെ. പ്രശ്നകാരകനായ ചൊവ്വയെ ഭജിക്കുന്നതുവഴി ദോഷഫലങ്ങൾ കുറയ്ക്കാനാണ് ചൊവ്വാഴ്ച വ്രതം നോല്ക്കുന്നത്. ചുവപ്പാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്ന നിറം.

ചൊവ്വാഴ്ച ഹനുമാനുവേണ്ടി സമർപ്പിക്കപ്പെട്ടതാണെങ്കിലും ചില പ്രദേശങ്ങളിൽ മുരുകനെയും ഭജിക്കുന്നു. ദമ്പതികള്ൾ സത് സന്താനലബ്ധിക്കുവേണ്ടിയും കുടുംബൈശ്വര്യത്തിനു വേണ്ടിയുമാണ് ചൊവ്വാഴ്ച വ്രതം നോല്ക്കുന്നത്. ജാതകപ്രകാരം ചൊവ്വാദോഷമുള്ളവർക്ക് ആപത്തുകൾ കുറയ്ക്കാനും ചൊവ്വാഴ്ചവ്രതം സഹായിക്കുന്നു. ചൊവ്വാഴ്ച കാളീ കവചം കൊണ്ട് ഭദ്രകാളിയെയും ദുർഗാസൂക്തം കൊണ്ട് ദുർഗ്ഗയെയും ഗുഹപഞ്ചകം കൊണ്ട് സുബ്രഹ്മണ്യനെയും ഭജിക്കുന്നത് ഉത്തമം.

ബുധൻ

ശ്രീകൃഷ്ണനാണ് ബുധനാഴ്ചയിലെ ഉപാസനാമൂർത്തി. ചിലയിടങ്ങളിൽ മഹാവിഷ്ണുവിനെയും ആരാധിക്കുന്നുണ്ട്. സമാധാനപൂർണമായ കുടുംബജീവിതമാണ് ബുധനാഴ്ചയിലെ ശ്രീകൃഷ്ണോപാസനയുടെ ഫലം. പച്ചനിറമാണ് ഈ ദിവസത്തെ കുറിക്കുന്നത്. വിശേഷിച്ചു ബുധനാഴ്ചകളിൽ ശ്രീകൃഷ്ണഭജനം ഉത്തമം.

വ്യാഴം

മഹാവിഷ്ണുവിനും ദേവഗുരു ബൃഹസ്പതിക്കും വേണ്ടിയാണ് വ്യാഴാഴ്ചകളിലെ ഉപാസന. മഞ്ഞപുഷ്പങ്ങളും ഫലങ്ങളുമാണ് അന്ന് അർപ്പിക്കേണ്ടത്. ധനാഗമവും സന്തോഷകരമായ ജീവിതവുമാണ് വ്യാഴാഴ്ച വ്രതത്തിന്റെ ഫലം. വ്യാഴാഴ്ച മഹാവിഷ്ണു വേഷപ്രച്ഛന്നനായി ഭക്തരുടെ സമക്ഷം എത്താറുണ്ടെന്നാണ് വിശ്വാസം. ചിലയിടങ്ങളിൽ ദേവഗുരു ബൃഹസ്പതി ഭക്തരെ സന്ദർശിച്ച് അനുഗ്രഹങ്ങൾ നൽകാൻ എത്തുന്നുവെന്നാണ് വിശ്വാസം. ഹനുമത് ഭജനത്തിനും വ്യാഴാഴ്ചകൾ അനുയോജ്യമാണ്. വിഷ്ണു സഹസ്രനാമ ജപത്തിനും നാരായണകവച ജപത്തിനും വ്യാഴാഴ്ചകൾ അത്യുത്തമമാണ്.

വെള്ളി

ദേവീ ഉപാസനക്ക് പ്രാധാന്യം നല്കുന്ന ദിവസമാണ് വെള്ളി. വെള്ളിയാഴ്ചകളിൽ ദേവീക്ഷേത്രങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. അന്ന് ഭദ്രകാളിയെയും ദുർഗ്ഗയെയും ഭജിക്കുന്നത് നല്ലതാണ്. തടസ്സങ്ങൾ നീങ്ങാനും സന്താനലബ്ധിക്കും സന്തോഷകരമായ കുടുംബജീവിതത്തിനും വെള്ളിയാഴ്ചകളിൽ ദേവിയെ ഭജിക്കുന്നത് ഉത്തമം. വെള്ളിയാഴ്ച വെളുത്ത പുഷ്പങ്ങൾ ദുർഗയ്ക്കും ചുവന്ന പുഷ്പങ്ങൾ ഭദ്രയ്ക്കും സമർപ്പിക്കുന്നത് ഉത്തമമാണ്. ഗണപതി, മഹാലക്ഷ്മി എന്നിവരെ ഭജിക്കുവാനും വെള്ളിയാഴ്ചകൾ ഉത്തമം. വെള്ളിയാഴ്ചകളിൽ ലളിത സഹസ്രനാമം ജപിക്കുന്നത് അത്യുത്തമവും ദേവീ പ്രീതികരവുമായ കർമമാണ്.

ഐശ്വര്യവും സമ്പത്തും നല്കുന്ന ശുക്രനും വെള്ളിയാഴ്ച പ്രധാനമാണ്. ജ്യോതിഷപ്രകാരം ശുക്രൻ, സമ്പത്ത് പ്രദാനം ചെയ്യുന്ന ഘടകമാണ്. ‘തലയിൽ ശുക്രനുദിക്കുക’ എന്നൊരു ചൊല്ലു തന്നെയുണ്ട്.

ശനി

വിശ്വാസികൾ ഏറെ ഭയത്തോടെ വീക്ഷിക്കുന്ന ഗ്രഹമാണ് ശനി. ആളുകളെ കുഴപ്പങ്ങളിൽ ചാടിക്കുകയും ചീത്ത അനുഭവങ്ങൾ നല്കുകയും ചെയ്യുന്ന ദേവനാണ് ശനീശ്വരൻ എന്നാണ് കരുതപ്പെടുന്നത്. ശനിദോഷങ്ങൾ അകലാൻ ശനിയെയും ശനിയുടെ അധിപനായ ശാസ്താവിനെയും ഭജിക്കുന്നത് ഉത്തമം. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം കൊണ്ടും ശനിദോഷങ്ങളിൽ നിന്നു മോചനം നേടാൻ സാധിക്കുമെന്നാണ് വിശ്വാസം. ഒരിക്കൽ രാവണന്റെ പിടിയിൽ നിന്നും ശനിയെ ഹനുമാൻ മോചിപ്പിച്ചിട്ടുണ്ട്. അന്ന്, ഹനുമാൻ സ്വാമിയുടെ ഭക്തരെ ദ്രോഹിക്കില്ലെന്ന് ശനിദേവൻ ഹനുമാന് വാക്ക് നല്കിയതായി രാമായണത്തിൽ പറയുന്നുണ്ട്. അതുകൊണ്ട് ശനിയാഴ്ച ഹനുമാനെ ഭജിക്കുന്നതും ഉത്തമമാണ്. കറുപ്പു നിറമാണ് ശനിയാഴ്ചയെ കുറിക്കുന്നത്. ശാസ്തൃസൂക്തം കൊണ്ട് ശാസ്താവിനേയും ഹനുമാൻ ചാലിസ കൊണ്ട് ഹനുമാൻ സ്വാമിയേയും ഭജിക്കാൻ ശനിയാഴ്ച ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *