Your Image Description Your Image Description

അരൂര്‍: വീട്ടമ്മ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് മരിച്ചു . അരൂര്‍ അമ്പലം ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മ മരിച്ചത് . എഴുപുന്ന ഗ്രാമപഞ്ചായത്തിലെ അര്‍ച്ചന ഭവനത്തില്‍ മല്ലികയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിക്ക് സി.പി.എം. അരൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു അപകടം .

അരൂര്‍ അമ്പലം കവലയിൽ ഉയരപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ​ഗതാ​ഗതക്കുരുക്ക് രൂക്ഷമായിരുന്നു . ഇതിനിടെ മല്ലിക റോഡ് മുറിച്ച് കടക്കുന്ന സമയത്ത് അമിതവേഗതയിലെത്തിയ ബസ് ഇടിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസിന്റെ പിന്‍ചക്രങ്ങള്‍ മല്ലികയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും തുടർന്ന് തത്ക്ഷണം മരിക്കുകയായിരുന്നു . അമ്പലം കവലയിലെ ട്രാഫിക് നിയന്ത്രിക്കാനായി കരാര്‍ കമ്പിനി നിയോഗിച്ച മാര്‍ഷല്‍മാരുടെ മുന്നിൽ വെച്ചാണ് സംഭവം നടന്നത് . മകളുടെ പാണാവള്ളിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ആ സമയത്ത് മല്ലിക.

എരമല്ലൂര്‍ കലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തിരുവാതിര ബസാണ് മല്ലികയെ ഇടിച്ചിട്ടത് . അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞ് അരൂര്‍ പോലീസും അഗ്നിശമനസേനയും എത്തി മൃതശരീരം അരൂക്കുറ്റി ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി .

മല്ലിക എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു . ഭര്‍ത്താവ്: പരേതനായ അജയന്‍, മക്കള്‍: അനില്‍കുമാര്‍ (വര്‍ക്ക്‌ഷോപ്പ്,ശ്രീനാരായണപുരം), അര്‍ച്ചന, മരുമക്കള്‍: മനോജ്, രേഷ്മ.

 

Leave a Reply

Your email address will not be published. Required fields are marked *