Your Image Description Your Image Description

ജറൂസലേം: അധിനിവേശ വെസ്റ്റ് ബാങ്കിൽ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ വ്യാപക ആക്രമണം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും വീടിനും വാഹനങ്ങൾക്കും തീയിടുകയും ചെയ്തു. നബുലസിനും ഖൽഖിൽയക്കും ഇടയിലെ ​പ്രധാന റോഡിനോട് ചേർന്ന ജിറ്റ് നഗരത്തിലാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികൾ വിവരിക്കുന്നു. അക്രമകാരികൾ നാട്ടുകാർക്ക് നേരെ വെടിയുതിർക്കുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും വീടും വാഹനങ്ങളും തീയിടുകയുമായിരുന്നു. ആക്രമണത്തിൽ നിരവധി ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

അക്രമികൾക്ക് ഇസ്രായേലി സൈന്യം എല്ലാവിധ സംരക്ഷണവും നൽകിയതായി ആരോപണമുണ്ട്. ഫലസ്തീനിയൻ സിവിൽ ഡിഫൻസിന്റെ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് ഇവർ തടയുകയും ചെയ്തു. ഇതോടൊപ്പം ഫലസ്തീനികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗവും സൈന്യത്തിന്റെ നേതൃത്വത്തിലുണ്ടായി.

100ഓളം അനധികൃത കുടി​യേറ്റക്കാരാണ് ആക്രമണം അഴിച്ചുവിട്ടത്. ഫലസ്തീനികളുടെ നാല് വീടുകൾക്കും ആറ് കാറുകളും തീയിട്ടതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം പതിവായി റെയ്ഡുകൾ നടത്താറുണ്ട്. 2023​ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇത്തരം നടപടികൾ വർധിച്ചിട്ടുണ്ട്. കൂടാതെ അനധികൃത കുടിയേറ്റക്കാരും വലിയ അതിക്രമങ്ങളാണ് അഴിച്ചുവിടുന്നത്. 632 ഫലസ്തീനികളാണ് ഇതുവരെ വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടത്. 5400ഓളം പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയാത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

അന്താരാഷ്ട്ര നിയമങ്ങൾക്ക് പുല്ലുവില

പതിറ്റാണ്ടുകളായുള്ള ഫലസ്തീൻ മണ്ണിലെ ഇസ്രായേലിന്റെ അധിനിവേശം നിയമവിരുദ്ധമാ​ണെന്ന് ജൂലൈ 19​ലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മാർഗനിർദേശത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലേമിലെയും എല്ലാ കുടിയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും ഫലസ്തീനികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ, ഇതൊന്നും ചെവികൊള്ളാതെ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും വലിയരീതിയിൽ ആക്രമണം തുടരുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജിറ്റ് നഗരത്തിലുണ്ടായത്.

ആക്രമണത്തെ ഹമാസ് അപലപിച്ചു. ധീര രക്തസാക്ഷി റാഷിദ് മഹ്മൂദ് സാദയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തതിന്റെ വിശുദ്ധരക്തം വെറുതെയാകില്ല. അധിനിവേശത്തിന് അതൊരു ശാപമാകുമെന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തെ അപലപിച്ച് കൊണ്ട് അമേരിക്കയും രംഗത്തുവന്നു. ആക്രമണം അംഗീകരിക്കാനാകില്ലെന്നും അവസാനിപ്പിക്കണമെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു. എല്ലാ സമുദായങ്ങളെയും അതിക്രമങ്ങളിൽനിന്ന് രക്ഷിക്കാൻ ഇസ്രായേൽ നടപടി സ്വീകരിക്കണം. അക്രമങ്ങൾ തടയുകയും ഇതിന് പിന്നിലുള്ളവരെ പിടികൂടണമെന്നും വക്താവ് ആവശ്യപ്പെട്ടു.

പ്രകോപനവുമായി തീ​വ്ര വലതുപക്ഷ മന്ത്രി

അധിനിവേശ ഫലസ്തീൻ പ്രദേശത്ത് കുടിയേറ്റങ്ങൾ വ്യാപിപ്പിക്കുമെന്ന് തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശങ്ങളെയും ലംഘിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

‘ഇസ്രായേൽ-സയണിസ്റ്റ് വിരുദ്ധ തീരുമാനങ്ങളൊന്നും കുടിയേറ്റങ്ങളുടെ വിപുലീകരണത്തെ തടയില്ല. ഫലസ്തീൻ രാഷ്ട്രമെന്ന അപകടകരമായ ആശയത്തിനെതിരെ പോരാട്ടം തുടരും. ഇതാണ് എന്റെ ജീവിതദൗത്യ’ -സ്മോട്രിച് വ്യക്തമാക്കി.

അന്താരാഷ്ട്ര സമൂഹങ്ങൾ വലിയ രീതിയിൽ പ്രതിഷേധവുമായ രംഗത്തുണ്ടെങ്കിലും വെസ്റ്റ് ബാങ്കിൽ അനധികൃത കുടിയേറ്റം ഇസ്രായേൽ വിപുലീകരിക്കുകയാണ്. സൈനികമായി ഈ പ്രദേശത്തെ കൂട്ടിച്ചേർക്കാനും വംശീയമായി ശുദ്ധീകരിക്കാനുമുള്ള ഇസ്രായേലിന്റെ അതിവിശാലമായ പദ്ധതിയുടെ ഭാഗമാണിതെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പതിറ്റാണ്ടുകളായി വെസ്റ്റ് ബാങ്കിൽ വിപുലീകരണത്തി​ന്റെ നയമാണ് ഇസ്രായേൽ തുടരുന്നതെന്ന് ഫലസ്തീൻ തിങ്ക് ടാങ്കായ അൽ ഷബഖയിലെ​ നയവിദഗ്ധൻ താരീഖ് കെന്നി ഷവ പറഞ്ഞു. വ്യത്യസ്ത ഭരണകക്ഷികൾ ഒരേ ലക്ഷ്യത്തിന് വേണ്ടി വിവിധങ്ങളായ മാർഗമാണ് ഉപയോഗിക്കുന്നത്. നിലവിലെ തീവ്ര വലതുപക്ഷ സഖ്യസർക്കാർ കുടിയേറ്റ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നതെന്നും താരീഖ് കെന്നി ഷവ കൂട്ടിച്ചേർത്തു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ് പള്ളിയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേലികളുടെ അതിക്രമമുണ്ടായിരുന്നു. ജൂതൻമാരുടെ വാർഷിക നോമ്പ് ദിനമായ ‘ടിഷാ ബിഅവി’ന്റെ ഭാഗമായിട്ടാണ് ആയിരക്കണക്കിന് ആളുകൾ അൽ അഖ്സ പള്ളി മുറ്റത്തേക്ക് അതിക്രമിച്ച് കയറിയത്. തീവ്ര വലതുപക്ഷക്കാരനും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻഗിവിറിന്റെ നേതൃത്വത്തിലാണ് പള്ളിയിലേക്ക് അതിക്രമിച്ച് കയറുകയും പ്രാർഥന നിർവഹിക്കുകയും ചെയ്തത്. ജൂതൻമാരുടെ മതപരമായ ആചാരങ്ങൾ ഇവിടെ നിരോധിച്ചിട്ടുണ്ടെങ്കിലും ഇസ്രായേലി പൊലീസ് അതിക്രമകാരികൾക്ക് എല്ലാവിധ സംരക്ഷണവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *