Your Image Description Your Image Description

 

വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളും ദുരിതബാധിതരെയും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കണ്ടു. സാധ്യമായ എല്ലാ സഹായവും നൽകുമെന്നും കേരളം ഒറ്റയ്ക്കല്ലെന്നും നരേന്ദ്രമോദിയുടെ പറഞ്ഞു. സംസ്ഥാന സർക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേന്ദ്രം ദുരിതബാധിതർക്ക് ഒപ്പമാണ്, അവർ ഒറ്റയ്ക്കല്ല, സഹായത്തിന് പണം തടസ്സമാകില്ല , പുനരധിവാസത്തിന് ഉൾപ്പെടെ സഹായം ഉണ്ടാകും. അത് നമ്മുടെ ഉത്തരവാദിത്തമാണ്. കേരളം വിശദമായ കണക്കുകളുമായി മെമ്മോറാണ്ടം കൈമാറണമെന്നും വയനാട് കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ നരേന്ദ്രമോദി പറഞ്ഞു.

രാവിലെ പതിനൊന്നേ അഞ്ചിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിയ അദ്ദേഹം ഉരുൾപൊട്ടൽ സർവ്വനാശം വിതച്ച മുണ്ടക്കൈ , ചൂരൽമല , അട്ടമല , പുഞ്ചിരി മട്ടം പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്നിവർ ഒപ്പമുണ്ടായിരുന്നു. ശേഷം കൽപ്പറ്റയിലെ പ്രത്യേക ഹെലിപാഡിൽ വന്നിറങ്ങി.

അവിടെ നിന്നും റോഡ് മാർഗ്ഗം ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിയ നരേന്ദ്രമോദി ബെയിലി പാലത്തിലൂടെ നടന്നു. ഉന്നത ഉദ്യോഗസ്ഥർ ഉരുൾപൊട്ടലിന്റെ തീവ്രതയും വിശദവിവരങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. തുടർന്ന് ദുരിതബാധിതരുള്ള സെന്റ് ജോസഫ് ക്യാമ്പിലും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലും എത്തി. ആശുപത്രിയിലെത്തിയ അദ്ദേഹം ഉരുൾപൊട്ടലിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട അരുൺ ഉൾപ്പെടെ ആറുപേരെ കണ്ട് ആശ്വസിപ്പിച്ചു. ശേഷം കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും പങ്കെടുത്ത് നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിൽ നിന്ന് ഡൽഹിയ്ക്ക് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *