Your Image Description Your Image Description

 

കൊച്ചി: മൈക്രോസോഫ്റ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ബ്രാൻഡായി 2024-ലെ റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച് കണ്ടെത്തി. സമഗ്രവും സ്വതന്ത്രവുമായി തൊഴിൽദാതാക്കളെ കുറിച്ച് ആഗോളതലത്തിൽ എല്ലാ വർഷവും ആഴത്തിലുള്ള പഠനമാണ് റൻഡ്സ്റ്റാഡ് ഇന്ത്യ സംഘടിപ്പിക്കുന്നത്. സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, തൊഴിൽ രംഗത്ത് വളർച്ചയ്ക്കുള്ള അവസരങ്ങൾ തുടങ്ങി തൊഴിൽ നൽകുന്നവരെ വിലയിരുത്തുന്ന മൂന്നു ഘടകങ്ങളിലും മൈക്രോസോഫ്റ്റ് വളരെ ഉയർന്ന നിലയിലാണെന്നു സർവേ ചൂണ്ടിക്കാട്ടുന്നു. ടിസിഎസ് രണ്ടാം സ്ഥാനത്തും ആമസോൺ മൂന്നാം സ്ഥാനത്തും എത്തി.

നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തെ തൊഴിൽ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകൾ കൂടിയാണ് സർവേ വെളിപ്പെടുത്തിയത്. ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് ജീവനക്കാർക്കിടയിലെ ഏറ്റവും മുൻഗണനയുള്ള ഘടകം. തുല്യമായ അവസരങ്ങൾ ലഭിക്കുന്നതാണ് അടുത്ത ഏറ്റവും പ്രധാന ഘടകം. ശമ്പളത്തേയും മറ്റ് ആനുകൂല്യങ്ങളേയുംകാൾ ഇതിനു ജീവനക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നു. വനിതാ ജീവനക്കാർക്കിടയിൽ ഇതിനു കൂടുതൽ പ്രാധാന്യമാണുള്ളത്.

മൈക്രോസോഫ്റ്റ്, ടാറ്റാ കൺസൾട്ടൻസി, ആമസോൺ, ടാറ്റാ പവർ കമ്പനി, ടാറ്റാ മോട്ടോർസ്, സാംസഗ് ഇന്ത്യ, ഇൻഫോസിസ്, എൽ ആൻറ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, മേഴ്‌സിഡസ് ബെൻസ് എന്നിവയാണ് 2024-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽ ബ്രാൻഡുകൾ.

ജീവിതച്ചെലവ് വർധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം 34 ശതമാനം പേരും ജോലി ഉപേക്ഷിക്കുന്നതായി സർവേ കണ്ടെത്തി. അതേ സമയം 29 ശതമാനം പേർക്കു മാത്രം പണപ്പെരുപ്പത്തെ മറികടക്കുന്ന വേതനം ലഭിക്കുന്നതായും ജീവിതച്ചെലവു വർധനവിനെ പൂർണമായി മറികടക്കാൻ സാധിക്കുന്നതായും കാണ്ടെത്തി. 40 ശതമാനം പേർക്ക് പണപ്പെരുപ്പത്തെ തുടർന്നു വേതനത്തിൽ ഉയർച്ച ലഭിക്കുന്നുണ്ടെങ്കിലും അതു ചെലവുകൾ മറികടക്കാനാവാത്ത സ്ഥിതിയാണ്. ഇന്ത്യൻ തൊഴിൽ സേനയിലെ നാലിൽ മൂന്നിലേറെ പേർ തൊഴിൽ ദാതാക്കൾ അവരുടെ എല്ലാ രംഗത്തെ പ്രതീക്ഷകളും നിറവേറ്റുന്നതായി വിശ്വസിക്കുന്നു.

മികച്ച തൊഴിൽ ദാതാവ് എന്ന നിലയിലെ വിലയിരുത്തലുകൾ നടത്താൻ ബിസിനസുകൾക്കുള്ള സമഗ്രമായ ഗൈഡാണ് റൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ചെന്ന് റൻഡ്സ്റ്റാഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ പിഎസ് വിശ്വനാഥ് പറഞ്ഞു. തൊഴിൽസേനയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രതീക്ഷകളും ഈ വർഷത്തെ സർവേയിൽ നിന്നുള്ള കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നു. കഴിവുകളുള്ള ഒരു സമൂഹം ജോലിക്കായി ബ്രാൻഡുകളെ തെരഞ്ഞെടുക്കുന്നത് കൂടുതൽ അവബോധത്തോടെയായിരിക്കും. അവരുടെ കാഴ്ചപ്പാടുകളും മുൻഗണനകളും മനസിലാക്കേണ്ടത് ഇവിടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശമ്പളവും ആനുകൂല്യങ്ങളും ഏറെ പ്രസക്തമാണെങ്കിലും ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം പോലെ മറ്റ് നേട്ടങ്ങളും ഇന്ന് ഏറെ പ്രസക്തമാണ്. ജോലി മാറുന്ന സ്വഭാവവും ഇന്ത്യയിൽ സ്ഥിരത കൈവരിക്കുകയാണ്. മില്ലേനിയൽ വിഭാഗത്തിൽ പെട്ടവരാണ് ഇക്കാര്യത്തിൽ കൂടുതൽ മുന്നിലുള്ളത്. 33 ശതമാനം പേർ കഴിഞ്ഞ ആറു മാസത്തിൽ തൊഴിൽ മാറിയപ്പോൾ 47 ശതമാനം പേർ വരുന്ന ആറു മാസത്തിൽ തൊഴിൽ മാറാൻ പദ്ധതിയിടുകയും ചെയ്യുന്നു. ജീവിതവും ജോലിയും തമ്മിലുള്ള സന്തുലനമാണ് ഇവരിൽ ഭൂരിഭാഗവും ജോലി മാറുന്നതിനു പിന്നിലുള്ള പ്രധാന കാരണം. തൊഴിലിൽ മുന്നേറാനുള്ള അവസരങ്ങൾ ഇല്ലാത്തതു മൂലം ജോലി മാറുന്നത് 38 ശതമാനം പേരാണെന്നും സർവേ വ്യക്തമാക്കുന്നു.

നിർമിത ബുദ്ധിയുടെ സ്ഥിരമായ ഉപയോഗം സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേരിൽ കാണാനായി. നിർമിത ബുദ്ധി തങ്ങളുടെ ജോലിയെ വരുന്ന അഞ്ചു വർഷങ്ങൾക്കുള്ളിൽ ബാധിക്കുമെന്ന് 88 ശതമാനം പേരും വിശ്വസിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *