Your Image Description Your Image Description

പാലക്കാട്: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ പാലക്കാട്ടും മലപ്പുറത്തും സമാന ശബ്ദം കേട്ടതായി നാട്ടുകാർ. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്തും മലപ്പുറം ജില്ലയിലെ എടപ്പാളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വീടുകളിൽ ഇളക്കം അനുഭവപ്പെട്ടതായും ജനലുകൾ കുലുങ്ങിയതായും പ്രദേശവാസികൾ പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

മലയോര മേഖലകളിലാണ് ഉഗ്രശബ്ദവും പ്രകമ്പനവുമൊക്കെ അനുഭവപ്പെട്ടതായി ജനങ്ങൾ വെളിപ്പെടുത്തിയത്. വീടിനുള്ളിൽ കുലുക്കം തോന്നിയതോടെ പുറത്തിറങ്ങി നിന്നുവെന്നും ചിലർ പറയുന്നു. വയനാട്ടിലും ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്ന വാർത്തകൾ ടെലിവിഷൻ മാദ്ധ്യമങ്ങൾ വഴി പുറത്തുവന്നതോടെയാണ് പാലക്കാട്ടും മലപ്പുറത്തും സമാനമായ അനുഭവമുണ്ടായ മേഖലകളിലെ ആളുകൾ അധികൃതരെ വിവരം അറിയിച്ചത്.

റവന്യൂ വകുപ്പിനെ ഇവർ ബന്ധപ്പെടുകയായിരുന്നു. എന്നാൽ ഭയപ്പെടേണ്ടതില്ലെന്നും പരിശോധനകൾ നടക്കുന്നുണ്ടെന്നും പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. അടുത്തിടെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് അസ്വാഭാവിക മാറ്റങ്ങൾ ആളുകളെ കൂടുതൽ ഭീതിയിലാക്കിയത്.

അതേസമയം വയനാട്ടിൽ സോട്ടുകുന്നിന്റെ മുകളിൽ ഡ്രോൺ പറത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ വിധത്തിൽ ഒന്നും കണ്ടെത്തിയില്ല. മണ്ണിടിച്ചിലോ വിള്ളലോ രൂപപ്പെട്ടിട്ടല്ലെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *