Your Image Description Your Image Description

പാരീസ്: പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആവേശകരമായ സെമിയില്‍ ജര്‍മനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. വെങ്കലമെഡലിനായി ഇന്ത്യയ്ക്ക് മത്സരമുണ്ട്.

ക്വാര്‍ട്ടറില്‍ ബ്രിട്ടനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സെമിയില്‍ കരുത്തരായ ജര്‍മനിക്കെതിരേ ഇന്ത്യ കളിക്കാനിറങ്ങിയത്. ജര്‍മനിക്കെതിരേ മികച്ച പ്രകടനം കാഴ്ചവെച്ച സമീപകാല ചരിത്രവും ഇന്ത്യയ്ക്ക് ജയപ്രതീക്ഷയേകി. അതിന് സമാനമെന്നോണം പാരീസില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ഏഴാം മിനിറ്റില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് താരം ഗോള്‍ കണ്ടെത്തിയത്. ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടിക്കാന്‍ ജര്‍മനി മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം ക്വാര്‍ട്ടറില്‍ ജര്‍മനി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നതാണ് കണ്ടത്. രണ്ടാം ക്വാര്‍ട്ടര്‍ ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ സമനില ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗോണ്‍സാലോ പെയില്ലറ്റാണ് ലക്ഷ്യം കണ്ടത്. ശേഷം ഇന്ത്യ ഉണര്‍ന്നുകളിച്ചു. ലളിത് കുമാറിന്റേയും അഭിഷേകിന്റേയും ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയി. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനം ജര്‍മനി വീണ്ടും ലക്ഷ്യം കണ്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. 27-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ റുയിര്‍ പെനാല്‍റ്റിയിലൂടെയാണ് വലകുലുക്കിയത്. രണ്ടാം ക്വാര്‍ട്ടറില്‍ 2-1 ന് ജര്‍മനി മുന്നിട്ടുനിന്നു.

മൂന്നാം ക്വാര്‍ട്ടറിന്റെ സമനിലപിടിക്കാന്‍ ഇന്ത്യയ്ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചു. തുടക്കത്തില്‍ നിരവധി പെനാല്‍റ്റി കോര്‍ണറുകള്‍ കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാല്‍ 36-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ തന്നെ ഇന്ത്യ ലീഡെടുത്തു. സുഖ്ജീത് സിങ്ങാണ് ഗോളടിച്ചത്. അതോടെ മത്സരം സമനിലയിലായി. മൂന്നാം ക്വാര്‍ട്ടര്‍ 2-2 നാണ് അവസാനിച്ചത്. നാലാം ക്വാര്‍ട്ടറില്‍ വിജയഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ജര്‍മനിയുടെ പെനാല്‍റ്റി കോര്‍ണറുകള്‍ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. എന്നാല്‍ 54-ാം മിനിറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച് ജര്‍മനി ലീഡെടുത്തു. മാര്‍കോ മില്‍ട്‌കോവാണ് വലകുലുക്കിയത്. പിന്നീട് ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *