Your Image Description Your Image Description

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പക്കാ ആർഎസ്എസുകാരനാണെന്നാ പി വി അൻവർ പറയുന്നത് . അൻവറിന്റെ അനുഭവത്തിലായിരിക്കണം ഇങ്ങനെയൊരു ആരോപണമുന്നയിച്ചത്.
ജില്ലാ സെക്രട്ടറി പക്കാ ആർഎസ്എസുകാരൻ മാത്രമല്ല , മുസ്‌ലിം വിരോധിയുമാണ് .

താൻ അഞ്ചുനേരം നിസ്കരിക്കുന്നുവെന്നതായിരുന്നു അദ്ദേഹം കണ്ട അയോഗ്യത. ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ ഇ.എൻ.മോഹൻദാസിനെ പാർട്ടി ഓഫിസിൽ വച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചവിട്ടാൻ ശ്രമിച്ചതായും അൻവർ വെളിപ്പെടുത്തി.

ക്രൈസ്തവ ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ട് നൽകുന്നത് ശരിയല്ലെന്നും എയ്ഡഡ് സ്ഥാപനങ്ങൾക്കല്ല തുക നൽകേണ്ടതെന്നും ജില്ലാ സെക്രട്ടറി പലപ്പോഴും പറയുമായിരുന്നു . ഇക്കാര്യത്തിൽ നേരത്തേ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് നിലമ്പൂരിലെ ബൈപാസ് അടക്കം തടസ്സപ്പെടുത്തിയത്. ജില്ലാ ആശുപത്രി കെട്ടിടം നിർമിക്കാൻ ഭൂമി വിട്ടുനൽകാത്തതിനു പിന്നിൽ ജില്ലാ സെക്രട്ടറിയാണ്. മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെതിരെ ജില്ലാ സെക്രട്ടറിക്ക് പലവട്ടം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.

തനിക്കെതിരായി സിപിഎം പ്രവർത്തകർ പ്രകടനം നടത്തുന്നുണ്ടെങ്കിലും അവരുടെ മനസ്സ് തന്നോടൊപ്പമാണ്. എഡിജിപി അജിത്കുമാറിനെതിരെയുൾപ്പെടെ നൽകിയ പരാതികളിൽ അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുന്നവർ വിഡ്ഢികളാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിട്ടിട്ടും അന്വേഷിക്കാത്തതെന്തുകൊണ്ടാണ് ? ആ കേസുകൾക്കു പുറമേ റിദാൻ വധക്കേസ്, മാമി തിരോധാനം, പൊലീസിന്റെ ഫോൺ ചോർത്തൽ തുടങ്ങിയ കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.

നേരത്തേ ഉന്നയിച്ച ആരോപണങ്ങളിൽ കൂടുതൽ തെളിവുകൾ ഇന്നു നിലമ്പൂരിൽ നടക്കുന്ന പൊതുയോഗത്തിൽ പുറത്തുവിടും . വൈകിട്ട് 6.30 നാണ് നയവിശദീകരണ യോഗം ചേരുന്നത് . വൻ ജനാവലി പങ്കെടുക്കുമെന്നാണ് പ്രതീക്ഷ .

അതേസമയം , അൻവർ ഉന്നയിച്ച ആരോപണങ്ങളെ പുച്ഛത്തോടെ തള്ളുന്നുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞത് . തീവ്ര വർഗീയത പറഞ്ഞ് മു‌സ്‌ലിംകളെയാകെ സിപിഎമ്മിനെതിരാക്കാനുള്ള രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായാണ് തന്നെ ആർഎസ്എസുകാരനായി ചിത്രീകരിക്കുന്നത്.

മലപ്പുറം ജില്ലയിലെ പാർട്ടി അംഗങ്ങളിൽ 45% പേർ മുസ്‌ലിംകളാണ്. നിസ്കരിക്കുന്നതോ ഹജ് ചെയ്യുന്നതോ പാർട്ടി തടഞ്ഞിട്ടില്ല. ക്രൈസ്തവ ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങൾക്ക് എംഎൽഎ ഫണ്ട് നൽകുന്നതു ശരിയല്ലെന്നു ജില്ലാ സെക്രട്ടറി പറഞ്ഞെന്ന അൻവറിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണന്നും മോഹൻദാസ് പറഞ്ഞു .

അൻവറിന്റെ ഇന്നത്തെ യോഗത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത് . ഇനിയുള്ള അൻവറിന്റെ നീക്കവും രാഷ്ട്രീയ നിലപാടും പ്രഖ്യാപിച്ചേക്കും .

Leave a Reply

Your email address will not be published. Required fields are marked *