Your Image Description Your Image Description

 

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കെഫോൺ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകി. ദുരന്തബാധിത പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി റവന്യൂ കൺട്രോൾ റൂമിലേക്കും പോലീസ് കൺട്രോൾ റൂമിലേക്കും അതിവേഗ 500 എം.ബി.പി.എസ് കണക്ഷനുകളാണ് നൽകിയത്. വയനാട് സബ് കലക്ടറുടെ ആവശ്യപ്രകാരം കെഫോൺ വൈഫൈ ഉപയോഗിക്കാനാവുന്ന കണക്ഷനുകളാണ് ഓഗസ്റ്റ് രണ്ടാം തീയതിയോടെ നൽകിയത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ ഭരണസിരാ കേന്ദ്രങ്ങൾ തമ്മിലുള്ള ആശയവിനിമയം ധ്രുതഗതിയിൽ നടത്താൻ സഹായകമായി.

വയനാടുണ്ടായ ദുരന്തത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും റെസ്‌ക്യൂ അടക്കമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് കെഫോൺ കണക്ഷൻ ലഭ്യമാക്കിയിരിക്കുന്നതെന്നും കെഫോൺ മാനേജിങ്ങ് ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് പറഞ്ഞു. എൻജിനിയർമാരുടെ അവിശ്വസനീയമായ പരിശ്രമം കാരണമാണ് ഇത്ര വേഗത്തിൽ കണക്ഷൻ ലഭ്യമാക്കാൻ കഴിഞ്ഞത്. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും റെസ്‌ക്യൂ ടീമുകൾ ഉൾപ്പടെയുള്ള ദുരിതാശ്വാസ പ്രവർത്തകരെ പിന്തുണയ്ക്കാൻ തടസമില്ലാത്ത ആശയവിനിമയം കെഫോൺ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *