Your Image Description Your Image Description

 

 

ബെംഗളൂരു: കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമം ഭേദഗതി ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെയാണ് ടെക്കികൾ പ്രതിഷേധത്തിൽ. ഫ്രീഡം പാർക്കിൽ നടത്തിയ പ്രതിഷേധത്തിൽ അഞ്ഞൂറിലധികം ജീവനക്കാർ പങ്കെടുത്ത് സംസ്ഥാന സർക്കാരിനെതിരെയുള്ള രോഷം രേഖപ്പെടുത്തി. നിത്യവും 14 മണിക്കൂർ ജോലി ചെയ്യാൻ ഞങ്ങൾ അടിമകളല്ലെന്ന് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് അസോസിയേഷൻ തെരുവിലിറങ്ങി.

ഐടി ജീവനക്കാരുടെ ജോലി സമയം വർധിപ്പിക്കുന്നതിനായിട്ടുള്ള കുറുക്കു വഴിയായാണ് 1961ലെ കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് ഭേദഗതി ചെയ്യാൻ കർണാടക സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഇതാണ് ജീവനക്കാരുടെ രോഷത്തിന് കാരണമായത്.

‘ജോലി സമയം 14 മണിക്കൂറാക്കി ഉയർത്താനുള്ള സർക്കാർ നീക്കം’, ‘ഞങ്ങൾ അടിമകളല്ല’ തുടങ്ങിയ പ്ലക്കാർഡുകളുമേന്തിയാണ് ഇവർ പ്രതിഷേധിച്ചത്. നിലവിലുള്ള കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമം പ്രതിദിനം പരമാവധി 10 മണിക്കൂർ ജോലി ചെയ്യാൻ അനുവദിക്കുന്നു.

എന്നാൽ സർക്കാർ നിർദ്ദേശിച്ച ഭേദഗതി പ്രകാരം ഐടി/ഐടിഇഎസ് കമ്പനികൾക്ക് ഓവർടൈം ഉൾപ്പെടെ ജീവനക്കാരുടെ ദൈനംദിന പ്രവൃത്തി സമയം അനിശ്ചിതമായി നീട്ടാൻ കഴിയും. അതിനാൽ ഭേദഗതി വരുത്തരുതെന്നാണ് സമരക്കാരുടെ ആവശ്യം.

പുതിയ ഭേദഗതി ജീവനക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചതായി കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ജനറൽ സെക്രട്ടറി സുഹാസ് അഡിഗ പറഞ്ഞു. വ്യക്തിജീവിതത്തിനുള്ള തൊഴിലാളികളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നാക്രമണമാണിത്. ഈ മാറ്റം നടപ്പാക്കാനുള്ള ഏതൊരു ശ്രമത്തെയും അസോസിയേഷൻ എതിർക്കുന്നു.

ഈ നിർദേശം സർക്കാർ ഉടൻ പിൻവലിക്കണം. ഭേദഗതിയുമായി മുന്നോട്ട് പോകുന്നത് ഐടി, ഐടിഇഎസ് മേഖലയിലെ ജീവനക്കാരുടെ ശക്തമായ പ്രതിരോധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *