Your Image Description Your Image Description

 

 

പാരീസ്: വനിതകളുടെ 66 കി.ഗ്രാം വെൽറ്റർവെയ്റ്റ് ബോക്‌സിങ് മത്സരം ഏറെ വിവാദമായിരുന്നു. ഇറ്റാലിയൻ താരം ആഞ്ജല കരിനിയും അൾജീരിയയുടെ ഇമാൻ ഖെലീഫും തമ്മിൽ നടന്ന മത്സരത്തിൽ മൂക്കിൽ ഇടിയേറ്റതിനെ തുടർന്ന് 46-ാം മിനിറ്റിൽ തന്നെ ആഞ്ജല പിന്മാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് ലിംഗനീതി വിവാദങ്ങൾക്ക് തുടക്കമായത്. എന്നാൽ ഇപ്പോഴിതാ ഏവരേയും ഞെട്ടിച്ച് ഇമാനോട് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ആഞ്ജല.

ആഞ്ജലയുടെ പിന്മാറ്റത്തിനു ശേഷം റഫറി റിങ്ങിൽ ഇമാനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഇമാന് ഹസ്തദാനം നൽകാനും തയ്യാറാകാതെയായിരുന്നു ആഞ്ജല റിങ് വിട്ടത്.വെള്ളിയാഴ് ഇറ്റാലിയൻ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ആഞ്ജല, ഇമാനോട് യാതൊരു പ്രശ്‌നവുമില്ലെന്നും വിവാദങ്ങളിലും മത്സര ശേഷം ഹസ്തദാനം നൽകാത്തതിലും ക്ഷമ ചോദിക്കുന്നതായും വ്യക്തമാക്കിയത്.

”ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെല്ലാം എനിക്ക് പ്രയാസമുണ്ടാക്കുന്നതാണ്. എന്റെ എതിരാളിയുടെ കാര്യത്തിലും എനിക്ക് ഖേദമുണ്ട്. ഇക്കാര്യങ്ങളിലൊന്നും അവർക്ക് ഒരു പങ്കുമില്ല, അവരും എന്നെപ്പോലെ പോരാടാനാണ് ഇവിടെ വന്നത്. ഹസ്തദാനം നൽകാനുള്ള ഇമാന്റെ ശ്രമം അവഗണിച്ചത് മനപ്പൂർവമല്ല. അതിന് അവളോടും എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ ഒളിമ്പിക്‌സ് അവസാനിച്ചതിലായിരുന്നു എനിക്ക് ദേഷ്യം. അത് ഒരിക്കലും ഇമാൻ ഖെലീഫിന് എതിരെയായിരുന്നില്ല. നേരേമറിച്ച് അവളെ വീണ്ടും കണ്ടാൽ ഉറപ്പായും ഞാൻ ആലിംഗനം ചെയ്യും.” – ഇറ്റാലിയൻ മാധ്യമം ഗസെറ്റ ഡെല്ലോ സ്‌പോർട്ടിനോട് പ്രതികരിക്കവെ ആഞ്ജല പറഞ്ഞു.

കഴിഞ്ഞ വർഷം രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ (ഐബിഎ) ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിനിടെ ലിംഗനിർണയ പരിശോധനയിൽ പരാജയപ്പെട്ട് വിലക്ക് ലഭിച്ച താരമാണ് ഇമാൻ ഖെലീഫ്. പുരുഷൻമാർക്കുള്ള എക്‌സ്, വൈ ക്രോമസോമുകൾ ശരീരത്തിലുള്ളതിനാലാണിത്. എന്നാൽ ഐബിഎയെ അംഗീകരിക്കാത്ത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഇമാന് ഒളിമ്പിക്‌സിൽ മത്സരിക്കാൻ അനുമതി നൽകുകയായിരുന്നു. ഇതോടെയാണ് ആഞ്ജലയുമായി വെറും 46 സെക്കൻഡിൽ അവസാനിച്ച മത്സര ശേഷം പുരുഷ ക്രോമസോമുകൾ ഉണ്ടായിരുന്നിട്ടും ഇമാന് പാരീസ് ഒളിമ്പിക്‌സിൽ വനിതാ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിച്ചതിനെ ചൊല്ലി വിവാദങ്ങൾ ഉടലെടുത്തത്.

പിന്നാലെ ലോകനേതാക്കളും പ്രശസ്ത കായികതാരങ്ങളുമടക്കം വിവാദത്തിലേക്ക് എണ്ണയൊഴിക്കുന്ന അഭിപ്രായങ്ങളുമായി രംഗത്തെത്തി. ന്യായീകരണവുമായി അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ പത്രക്കുറിപ്പുമിറക്കി.

”വനിതകളുടെ മത്സരത്തിൽനിന്നും ഞാൻ പുരുഷന്മാരെ മാറ്റിനിർത്തും” എന്നാണ് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മത്സരത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സിൽ കുറിച്ചത്. വിവേചനം ഒഴിവാക്കാനുള്ള ശ്രമംതന്നെ വിവേചനമായിമാറരുതെന്ന അഭിപ്രായവുമായി ഇറ്റലിയുടെ പ്രധാനമന്ത്രി ജിയോർജിയ മെലോണിയും ഹാരിപോർട്ടർ പരമ്പരയുടെ എഴുത്തുകാരി ജെ.കെ. റൗളിങ്ങും മുൻ ടെന്നീസ് താരങ്ങളായ മാർട്ടീന നവരത്തിലോവയും ബോറിസ് ബെക്കറും ആഞ്ചലീനയ്ക്കായി രംഗത്തെത്തി. വിവാദമുണ്ടായത് സങ്കടകരമാണെന്നും യോഗ്യതാമാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് എത്തിയിരിക്കുന്നതെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രതികരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *