Your Image Description Your Image Description

തിരുവനന്തപുരം: സിപിഎമ്മും പിണറായി വിജയനും ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാവരും പിണറായിയുടെ ശൈലി മാറ്റണമെന്നാണ് പറയുന്നത്. എന്നാൽ പിണറായി ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .

‘പിണറായി ഇതേ ശൈലിയിൽനിന്നാണ് ആദ്യത്തെ അഞ്ചു വർഷം ഭരിച്ചത്. എല്ലാവരും വിമർശിച്ചിട്ടും ആ ശൈലി മാറ്റിയില്ല. രണ്ടാമതും അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും അതേ ശൈലിയിൽ തുടരുന്നു. ശൈലികൊണ്ട് അദ്ദേഹത്തിന് വോട്ട് കുറഞ്ഞിട്ടൊന്നുമില്ല. ശബരിമലയടക്കം തീപ്പൊരി പോലെനിന്ന ഒരുപാട് പ്രശ്നങ്ങൾക്കിടെയാണ് രണ്ടാം പിണറായി സർക്കാർ തിരഞ്ഞെടുക്കപ്പെട്ടത്. ഇടതുപക്ഷം വിജയിക്കില്ലെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിൽപോലും വമ്പിച്ച വിജയമല്ലേ രണ്ടാമതും കിട്ടിയത്. മൂന്നാം ഊഴവും പിണറായി സർക്കാർ തുടരുമെന്നതിൽ സംശയമില്ല. കരുണാകരനും നായനാർക്കും വിഎസിനും വ്യത്യസ്ത ശൈലിയായിരുന്നു. ഓരോരുത്തരും വരുന്ന സാഹചര്യമാണ് അതിനുകാരണം. പിണറായിയുടെ ശൈലിയുമായി ജനങ്ങൾ താദാത്മ്യപ്പെട്ടു. അത് മാറ്റാൻ കഴിയില്ല’, വെള്ളാപ്പള്ളി പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്തി പാർട്ടി പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘കഴിഞ്ഞതവണ സാധാരണക്കാർക്കെല്ലാം കിറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ പെൻഷൻ കുടിശ്ശികയായി,കൊടുക്കാൻ കഴിയുന്നില്ല. മാവേലി സ്റ്റോറിനകത്ത് പാറ്റയ്ക്ക് പോലും ഭക്ഷണം കിട്ടുന്നില്ല. നിത്യോപയോ​ഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് കൊടുക്കാനും കഴിഞ്ഞില്ല. അടിസ്ഥാന വർ​ഗത്തിന് വേണ്ടത്ര പരി​ഗണനയും പരിരക്ഷയും കൊടുത്തില്ല. ഇതെല്ലാം പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളാണ്’, അദ്ദേഹം വ്യക്തമാക്കി. പ്രീണനം നടത്തിയെങ്കിലും ന്യൂനപക്ഷങ്ങൾ കാര്യത്തോട് അടുത്തപ്പോൾ വോട്ടു ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *