Your Image Description Your Image Description

കൊച്ചി: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെ കേരളത്തിൽ ഉയർന്നത് വൻ വിവാദങ്ങൾ ആണ്. പ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. അതോടുകൂടി പല വിഗ്രഹങ്ങളും ഇപ്പോൾ വീണുടഞ്ഞിരിക്കുകയാണ്. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജിയും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ രാജിയും അതിന് ഉദാഹരണം തന്നെയാണ്. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട് ഒന്നരമാസമായിട്ടും ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുന്നതില്‍ പോലും തീരുമാനമായില്ല. സിദ്ദിഖ് അടക്കമുള്ളവരുടെ കേസിന്‍റെ പുരോഗതി അറിഞ്ഞിട്ട് മതി പുതിയ നീക്കങ്ങളെന്ന തീരുമാനത്തിലാണ് താരങ്ങള്‍.

ഓഗസ്റ്റ് 27നാണ് പ്രസിഡന്‍റ് മോഹന്‍ ലാല്‍ ഉള്‍പ്പെടെ രാജിവച്ച് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത്. രണ്ട് മാസത്തിനുള്ളില്‍ പുതിയ നേതൃത്വം വരുമെന്നായിരുന്നു അന്ന് താരങ്ങള്‍ ഉറപ്പ് പറഞ്ഞത്. ബൈലോ പ്രകാരം രഹസ്യബാലറ്റിലൂടെയാണ് അമ്മയില്‍ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത്. 21 ദിവസം മുന്‍പ് ജനറല്‍ ബോഡിക്ക് നോട്ടീസ് നല്‍കി തെര‍ഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ ഇറക്കണം, നോമിനേഷനുകള്‍ സ്വീകരിക്കണം, പരിശോധന നടത്തി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കണം, ഏതെങ്കിലും സ്ഥാനത്തേക്ക് ഒന്നിലേറെ പേരുണ്ടെങ്കില്‍ വോട്ടെടുപ്പ് നടത്തും. എന്നാൽ ഇതുവരെ ഒന്നും തുടങ്ങിയിട്ടില്ല. ഭരണസമിതി പിരിച്ചുവിട്ടനതുശേഷമുള്ള അഡ്ഹോക്ക് കമ്മറ്റിക്ക് ബൈലോ പ്രകാരം ഒരു വര്‍ഷം തുടരാമെന്നും ആര്‍ക്കാണിത്ര തിരക്കെന്നും താരങ്ങള്‍ ചോദിക്കുന്നു.

ഹേമാ കമ്മറ്റി വിവാദങ്ങള്‍ പൂര്‍ണമായും കെട്ടടങ്ങിയിട്ടുമതി പുതിയ ഭരണസമിതിയെന്നാണ് മുതിര്‍ന്ന താരങ്ങള്‍ക്കിടയിലെ ധാരണ. കൂടുതല്‍ പരാതികളും കേസുകളുമുണ്ടാകുമോ എന്ന ആശങ്ക പലര്‍ക്കും ഉണ്ട്. സിദ്ദിഖിനെതിരായ കേസിലെ തുടര്‍ നടപടികള്‍ എന്താണെന്ന് അറിയാനും കാത്തിരിക്കുകയാണ് താരങ്ങള്‍. മലയാള സിനിമയിലെ യുവതാരങ്ങള്‍ അമ്മയുടെ നേതൃത്വത്തിലേക്ക് വരണമെന്ന് ഒട്ടുമിക്ക താരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൃഥ്രിരാജ് അടക്കം ഷൂട്ടിംഗ് തിരക്കിലാണ്. ഇടയ്ക്ക് നിശ്ചയിച്ച അഡ്ഹോക്ക് കമ്മറ്റിയോഗം കവിയൂര്‍ പൊന്നമ്മയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.

താരസംഘടനയ്ക്ക് ‘അമ്മ’ എന്ന മനോഹരമായ പേര് നിർദേശിച്ചത് അന്തരിച്ച നടന്‍ മുരളിയാണ്. സുരേഷ് ഗോപി നല്‍കിയ 25,000 രൂപയും മണിയന്‍ പിള്ള രാജുവും ഗണേഷ് കുമാറും ഇട്ട 10,000 രൂപ വീതവുമായിരുന്നു അമ്മയെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ആദ്യ മൂലധനം. 1994 ആയിരുന്നു താരസംഘടന രൂപീകരിച്ചത്. തിരശ്ശീലയില്‍ കാണുന്ന താരങ്ങളെ ഒരുമിച്ച് കാണുന്ന വേദി എന്ന നിലയിലാണ് അത്. തിരുവിതാംകൂര്‍ കൊച്ചിന്‍ ലിറ്റെററി, സയന്‍റിഫിക് ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ്. നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദ്യ ഷോകള്‍ മുതല്‍ അമ്മ സംഘടിപ്പിച്ച താരനിശകളൊക്കെയും വലിയ തോതില്‍ ജനപ്രീതി നേടിയിട്ടുണ്ട്. എല്ലാ താരങ്ങളും ചേര്‍ന്ന് വരുമ്പോഴുള്ള അധിക മൂല്യം തന്നെ അതിന് കാരണം.

സിനിമയുടെ ഫ്രെയ്‍മിനകത്തെ മനോഹര ചിത്രമായി നിന്നിരുന്ന ഈ സംഘടന ആദ്യമായി സമൂഹത്തിന്‍റെ ചര്‍ച്ചകളിലേക്ക് എത്തുന്നത് അന്തരിച്ച നടന്‍ തിലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളിലൂടെയാണ്. ഒരു സൂപ്പര്‍താരം തന്‍റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നും തനിക്കെതിരെ കരുനീക്കങ്ങള്‍ നടത്തുന്നുവെന്നുമുള്ള തിലകന്‍റെ ആരോപണമാണ് അമ്മ സംഘടനയുടെ അപ്രീതിക്ക് കാരണമായത്. അമ്മയുമായി നിരന്തര സംഘര്‍ഷങ്ങളിലായിരുന്ന സംവിധായകന്‍ വിനയന്‍റെ സിനിമകളില്‍ അഭിനയിച്ചതിലൂടെയും തിലകന്‍ അടക്കമുള്ളവര്‍ അമ്മയ്ക്ക് അനഭിമതരായി. തിലകനെപ്പോലെ പ്രഗത്ഭനും പ്രശസ്തനുമായ ഒരു അഭിനേതാവിനെ എന്തുകൊണ്ട് വിലക്കുന്നു എന്ന സമൂഹത്തിന്‍റെ ചോദ്യത്തിന് ഉത്തരം പറയാന്‍ അമ്മ സംഘടനയ്ക്ക് ബാധ്യതയുണ്ടാവുന്നുണ്ട്. ആദ്യ ഘട്ടങ്ങളില്‍ അത് വസ്തുതയല്ലെന്നും തിലകന്‍റെ ആരോപണം മാത്രമാണെന്നുമൊക്കെ പറഞ്ഞവര്‍ ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ അമ്മയില്‍ നിന്ന് പരസ്യമായി സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തി.

തിലകന്‍ വിഷയവും മറ്റ് പല താരങ്ങളും സിനിമാ പ്രവര്‍ത്തകരുമൊക്കെ പല കാലങ്ങളിലായി നേരിട്ട അപ്രഖ്യാപിത വിലക്കുകളില്‍ അമ്മ ഭാരവാഹികള്‍ക്ക് നേര്‍ക്കും മാധ്യമങ്ങളുടെ മൈക്കുകള്‍ തിരിഞ്ഞിട്ടുണ്ട്. എന്നാല്‍‌ ഇന്‍ഡസ്ട്രിക്ക് ഉള്ളിലുള്ള കാര്യമെന്ന നിലയില്‍ അവരെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ അവര്‍ക്ക് ആയി. എന്നാല്‍ ഒരു വലിയ സോഷ്യല്‍ ഓഡിറ്റിംഗിന്‍റെ റഡാറിലേക്ക് അമ്മ സംഘടനയ്ക്ക് ആദ്യമായി വന്നുനില്‍ക്കേണ്ടിവന്നത് 2017 ല്‍ നടി ആക്രമിക്കപ്പെട്ട കേസ് സമൂഹശ്രദ്ധയിലേക്ക് വരുന്നതോടെയാണ്. അത്രകാലവും ബിഗ് സ്ക്രീനില്‍ തങ്ങളെ രസിപ്പിച്ച താരങ്ങള്‍ അതീവഗൌരവമുള്ള ഒരു വിഷയത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് കേരളീയ സമൂഹം ആദ്യമായി ശ്രദ്ധിച്ചതും അപ്പോഴാണ്. ഏഴ് വര്‍ഷത്തിനിപ്പുറം സംഘടനയുടെ ഭരണസമിതി പിരിച്ചുവിടുന്നതിലേക്ക് എത്തിച്ച സാഹചര്യം സൃഷ്ടിച്ചതും ആ കേസ് തന്നെ.

ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടന്‍ ദിലീപും, രണ്ട് പേരും അമ്മയുടെ മക്കളാണെന്നും രണ്ട് പേരെയും സംരക്ഷിക്കുമെന്നുമായിരുന്നു അമ്മ വക്താക്കളുടെ ആദ്യ പ്രതികരണം. എന്നാല്‍ അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴി 21 പേര്‍ കോടതിയില്‍ മാറ്റുന്നതും സമൂഹം പിന്നീട് കണ്ടു. നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയ്ക്ക് പുറത്ത് സമൂഹത്തിലേക്കും പരക്കുന്ന ലിംഗവിവേചനം സംബന്ധിച്ച ഗൌരവതരമായ ചര്‍ച്ചകള്‍ക്ക് കൂടിയാണ് വഴിതെളിച്ചത്. തങ്ങളുടെ സഹപ്രവര്‍ത്തക നേരിട്ട ഗുരുതരമായ കുറ്റകൃത്യത്തില്‍ സംഘടനാ നേതൃത്വം ഒരു നിലപാടെടുക്കാതെ എളുപ്പത്തില്‍ ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് ഡബ്ല്യുസിസി എന്ന വനിതകളുടെ സംഘടന രൂപീകരിക്കപ്പെടുന്നത്. ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹേമ കമ്മിഷനെ നിയോഗിച്ചതും നാലര വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ആ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ മീ ടൂ ആരോപണങ്ങളടക്കം ഉയരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *