Your Image Description Your Image Description

പാലക്കാട്: ആലത്തൂര്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന എടാമ്പറമ്പ് ചെക്ഡാം കം കോസ്‌വേയില്‍ ഒഴുക്കില്‍പ്പെട്ട മൊപ്പെഡ് യാത്രക്കാരനെ കരയിലുണ്ടായിരുന്നവർ കൈകോര്‍ത്തുനിന്ന് വലിച്ച് കരക്കെത്തിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എരിമയൂര്‍ ചുള്ളിമട സ്വദേശി പൊന്നുമണിയാണ് കോസ്‌വേയുടെ മുകളിലൂടെ മൊപ്പെഡില്‍ പോകുമ്പോള്‍ ഒഴുക്കില്‍പ്പെട്ടത്. കോസ്‌വേയുടെ അരികിലെ കോണ്‍ക്രീറ്റ് കെട്ടില്‍ വാഹനവും യാത്രക്കാരനും തടഞ്ഞുനിന്നത് ഭാഗ്യമായി. താഴെ കുത്തിയൊഴുകുന്ന ഗായത്രിപ്പുഴ. മുകളില്‍ തടയണ നിറഞ്ഞൊഴുകിയെത്തുന്ന വെള്ളം. പൊന്നുമണി മനസ്സാന്നിധ്യം കൈവിടാതെ പിടിച്ചുനിന്നു.

രക്ഷയായത് ശിവന്റെ സമയോചിത ഇടപെടല്‍

ലോഡിങ് തൊഴിലില്‍നിന്ന് വിരമിച്ച പ്രദേശവാസി ശിവന്‍ ഇതെല്ലാം കണ്ട് പുഴക്കരയിലുണ്ടായിരുന്നു. പുഴയിലെ വെള്ളം കാണാനും റീല്‍സ് എടുക്കാനുമായി ഒരു സംഘം ചെറുപ്പക്കാരും അവിടെയെത്തിയിരുന്നു. പുഴയും പരിസരവും ചെറുപ്പകാലം തൊട്ടേ പരിചയമുള്ള ശിവന്‍ ചെറുപ്പക്കാരെയും കൂട്ടി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പൊന്നുമണിയെയും മൊപ്പെഡിനെയും പിടിച്ചുയര്‍ത്തി. ഒഴുക്കില്‍പ്പെട്ട് വീഴാതിരിക്കാന്‍ പെണ്‍കുട്ടികളടക്കം എല്ലാവരും കൈകോര്‍ത്ത് പിടിച്ചുനിന്ന് വലിച്ച് കരയിലെത്തിച്ചു.

മിനിട്ടുകള്‍ക്കുള്ളില്‍ വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താനായതിനാല്‍ പോലീസിനെയോ അഗ്‌നിരക്ഷാസേനയെയോ വിവരമറിയിച്ചില്ല. സംഭവം ചിത്രീകരിച്ച ചിലര്‍ വീഡിയോദൃശ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് വെള്ളിയാഴ്ച തരംഗമായത്. അപകടത്തില്‍പ്പെട്ടയാള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഗൗരവം മനസ്സിലായത് വീഡിയോയിലെ ദൃശ്യം കണ്ടതോടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *