Your Image Description Your Image Description

ചെന്നൈ: ഒളിംപിക്സിനുശേഷം വിരമിക്കുന്ന മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ അടുത്ത റോൾ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടൻ. ശ്രീജേഷിന്‍റെ കരിയറിലെ ഏറ്റവും മികച്ച ടൂർണമെന്‍റ് പാരീസിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫുള്‍ട്ടൻ പറഞ്ഞു.

ടീം തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക സമീപനം സ്വീകരിച്ചെന്ന വിമർശനം ഫുൾട്ടൻ തള്ളി.പരിചയസമ്പന്നരായ കളിക്കാ‍ർ ടീമിലുണ്ടെങ്കിലേ വലിയ ടൂർണമെന്‍റുകൾ വിജയിക്കാനാകൂവെന്നും ബെൽജിയം ചാംപ്യന്മാരാകുന്നത് എങ്ങനെയെന്ന് നോക്കൂവെന്നും ഫുൾട്ടൻ പറഞ്ഞു. ഞാന്‍ വന്നിട്ട് 13 മാസമേ ആയുള്ളു. നാലുവര്‍ഷം കഴിയട്ടെ എന്നിട്ട് പറയാം. എന്തായാലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടം പാരീസിലുണ്ടാകും. അതിന് ഇന്ത്യൻ ആരാധകരുടെ പിന്തുണ വേണമെന്നും ഫുള്‍ട്ടൻ അഭ്യര്‍ത്ഥിച്ചു. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്‍റെ സഹപരിശീലകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇന്ത്യൻ ഹോക്കി ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവല്‍ നിന്ന ശ്രീജേഷ് ഇന്നലെയാണ് വികാരനിര്‍ഭരമായ കുറിപ്പിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്‍റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ൽ ടോക്കിയോയിൽ ഞങ്ങൾ നേടിയ ഒളിംപിക് വെങ്കല മെഡൽ, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു. രാജ്യാന്തര ഹോക്കിയിലെ എന്‍റെ അവസാന അങ്കത്തിന്‍റെ പടിക്കല്‍ നിൽക്കുമ്പോൾ, എന്‍റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീർപ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നിൽക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി, എന്നായിരുന്നു ശ്രീജേഷിന്‍റെ കുറിപ്പ്.

2020ലെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് 2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും സ്വര്‍ണം നേടിയ ഇന്ത്യൻ ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. 2021ല്‍ രാജ്യം പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന സമ്മാനിച്ച് ശ്രീജേഷിനെ ആദരിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *