Your Image Description Your Image Description

ജയ്‌പൂര്‍: ഇന്ത്യൻ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ തന്‍റെ പഴയ ടീമിലേക്ക് പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗൗതം ഗംഭീറിന്‍റെ പകരക്കാരനായി ദ്രാവിഡിനെ മെന്‍ററായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ തന്‍റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിലേക്കാണ് ദ്രാവിഡ് മടങ്ങുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. രാജസ്ഥാന്‍ റോയല്‍സുമായി ദ്രാവിഡ് ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്‍റും ദ്രാവിഡും ഇതുസംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യൻസ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്‍ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലെ താരമായത്.

2015 മുതല്‍ ബിസിസിഐ ചുമതലകളിലേക്ക് മാറിയ ദ്രാവിഡ് അണ്ടര്‍ 19 പരിശീലകനായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് 2021ല്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കീരീടം നേടിയതിനൊപ്പം ഏകദിന ലോകകപ്പിന്‍റെ ഫൈനലിലും രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലും കളിച്ചു.

കുമാര്‍ സംഗക്കാരയാണ് നിലവില് രാജസ്ഥാന്‍ റോയല്‍സിന്‍റെ ടീം ഡയറക്ടറുടെ ചുമതലയും പരിശീലകന്‍റെ ചുമതലയും വഹിക്കുന്നത്. ദ്രാവിഡ് പരിശീലകനായി എത്തിയാല്‍ സംഗക്കാര ടീം ഡയറക്ടറുടെ ചുമതലയിലേക്ക് മാറും. ക്യാപ്റ്റന്‍ സഞ്ജു സാംസണും ദ്രാവിഡിന്‍റെ തിരിച്ചുവരവ് കരിയറില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. സഞ്ജുവിന് കീഴില്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ കളിച്ച രാജസ്ഥാന്‍ ഒരു തവണ ഫൈനലിലും ഒരു തവണ പ്ലേ ഓഫിലുമെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *