Your Image Description Your Image Description

കോഴിക്കോട്: കുളിക്കുന്നതിനിടെ പുഴയില്‍ വീണ 74 വയസ്സുകാരി മൂന്നുകിലോമീറ്ററോളം ഒഴുകിപ്പോയി. മുക്കം തൊണ്ടിമ്മല്‍ മരക്കാട്ടുപുറം സ്വദേശിനി താഴത്തുവീട്ടില്‍ മാധവി ആണ് അപകടത്തില്‍പ്പെട്ടത്. ഒടുവില്‍ മുക്കം ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെടുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ അഗസ്ത്യന്‍മുഴി പാലത്തിന് സമീപമാണ് സംഭവം നടന്നത്. കുളിക്കാനായി ഇറങ്ങിയ മാധവി പുഴയിലേക്ക് വീണ് ഒഴുകിപ്പോവുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം ഒഴുകിയ ശേഷം ഇതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ ദിലീപ് സംഭവം കണ്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ മുക്കം ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി.

അഗ്‌നിരക്ഷാ സേനാംഗങ്ങളും അഫ്‌നാസ്, സജീര്‍, ദിലീപ് എന്നീ നാട്ടുകാരും പുഴയിലേക്ക് ചാടി മാധവിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മാധവിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് പി അബ്ദുല്‍ ഷുക്കൂര്‍, സേനാംഗംങ്ങളായ ആര്‍ മിഥുന്‍, കെ ഷനീബ്, കെ അഭിനേഷ്, എം സുജിത്ത്, എം നിസാമുദ്ധീന്‍, കെ എസ് ശരത്, വി എം മിഥുന്‍, കെ എസ് വിജയകുമാര്‍, ചാക്കോ ജോസഫ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *