Your Image Description Your Image Description

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെ ഇന്ത്യൻ ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിതയിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം എസ് ബദരീനാഥ്. റുതുരാജിനെയും റിങ്കു സിംഗിനെയും പോലുള്ള നല്ല താരങ്ങള്‍ക്ക് പലപ്പോഴും ടീമില്‍ അവസരം നിഷേധിക്കുകയാണെന്നും ബദരീനാഥ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ തുറന്നടിച്ചു.

ഇന്ത്യൻ ടീമിലെത്തണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു ബാഡ് ബോയ് ഇമേജ് വേണമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് റുതുരാജിനെയും റിങ്കു സിംഗിനെയും പോലുള്ള കളിക്കാര്‍ ഇങ്ങനെ തുടര്‍ച്ചയായി തഴയപ്പെടുന്നത്. എനിക്ക് തോന്നുന്നത് നിങ്ങള്‍ക്ക് ഏതെങ്കിലും ബോളിവുഡ് നടിയുമായി ബന്ധമോ അല്ലെങ്കില്‍ ഒരു നല്ല മീഡിയ മാനേജരോ ശരീരം മൊത്തം ടാറ്റൂപതിച്ച് ബാഡ് ബോയ് ഇമേജോ ഒക്കെ ഉണ്ടെങ്കിലെ ഇന്ത്യൻ ടീമിലെത്താനാവൂ എന്നാണ്-ബദരീനാഥ് വീഡിയോയില്‍ പറഞ്ഞു.

സിംബാബ്‌വെയ്ക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കായി കളിച്ച റുതുരാജ് മൂന്ന് മത്സരങ്ങളില്‍ 7,77, 49 എന്നിങ്ങനെ സ്കോര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് റുതുരാജിന് സിബാബ്‌വെക്കെതിരായ അവസാന ടി20യില്‍ വിശ്രമം അനുവദിച്ചു. ഇതിന് തൊട്ടുപിന്നാലെ ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിന ടീമിലോ ടി20 ടീമിലോ റുതുരാജിന് അവസരം ലഭിച്ചില്ല.

അവസാനം ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണെ ടി20 ടീമിലുള്‍പ്പെടുത്തിയപ്പോള്‍ സിംബാബ്‌വെയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത യശസ്വി ജയ്സ്വാളിനും ഏകദിന ടീമിലിടം നേടാനായില്ല. റിയാന്‍ പരാഗും റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും രണ്ട് ടീമുകളിലും ഇടം നേടുകയും ചെയ്തു. സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയെയും ശ്രീലങ്കക്കെതിരായ പരമ്പരയിലേക്ക് പരിഗണിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *