Your Image Description Your Image Description

കറാച്ചി: അടുത്തവര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ ഇന്ത്യ ടീമിനെ അയച്ചില്ലെങ്കിലും ടൂര്‍ണമെന്‍റ് നടക്കുമെന്ന് പാക് പേസര്‍ ഹസന്‍ അലി. പാകിസ്ഥാനിലാണ് ചാമ്പ്യൻസ് ട്രോഫി നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ അവിടെ തന്നെ ടൂര്‍ണമെന്‍റ് നടക്കുമെന്നും സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹസന്‍ അലി പറഞ്ഞു.

ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാനായി ഇന്ത്യയിലേക്ക് പോകുന്നുണ്ടെങ്കില്‍ അവരും ക്രിക്കറ്റ് കളിക്കാനായി പാകിസ്ഥാനിലേക്ക് വരണം. സ്പോര്‍ട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്ന് മുമ്പ് പലതവണ പലരും പറഞ്ഞിട്ടുള്ള കാര്യമാണ്. നിങ്ങള്‍ മറ്റൊരു ആംഗിളിലൂടെ നോക്കുകയാണെങ്കില്‍ പല ഇന്ത്യൻ കളിക്കാരും പാകിസ്ഥാനില്‍ കളിക്കാനുള്ള ആഗ്രഹം അഭിമുഖങ്ങളിലെല്ലാം തുറന്നു പറഞ്ഞിട്ടുള്ളതാണ്. അപ്പോൾ കളിക്കാരല്ല വരാന്‍ തയാറാവാത്തത്. അവര്‍ വരാന്‍ തയാറാണ്. പക്ഷെ സര്‍ക്കാരിന് അവരുടേതായ നയങ്ങളുണ്ട്. ക്രിക്കറ്റ് ബോര്‍ഡിനും അത് പരിഗണിച്ചേ മതിയാവു.

ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്ഥാനാണെങ്കില്‍ ടൂര്‍ണമെന്‍റ് പാകിസ്ഥാനില്‍ തന്നെ നടക്കുമെന്ന് ഞങ്ങളുടെ ചെയര്‍മാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ പങ്കെടുക്കാന്‍ ഇന്ത്യൻ ടീം വരുന്നില്ലെങ്കിലും അവരില്ലാതെ ടൂര്‍ണമെന്‍റ് നടത്തും. കാരണം, പാകിസ്ഥാനില്‍ ക്രിക്കറ്റ് നടക്കണം. അതില്‍ ഇന്ത്യ ഭാഗമാകുന്നില്ലെങ്കില്‍ വേണ്ട. ഇന്ത്യയില്ലെങ്കില്‍ ക്രിക്കറ്റ് അവസാനിക്കുന്നില്ലല്ലോ. ഇന്ത്യക്ക് പുറമെ മറ്റ് ടീമുകളും ക്രിക്കറ്റ് കളിക്കുന്നുണ്ടല്ലോ എന്നും ഹസന്‍ അലി പറഞ്ഞു.

2008ലെ ഏഷ്യാ കപ്പിനുശേഷം ഇന്ത്യ പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരം കളിച്ചിട്ടില്ല. 2012-2013ലാണ് പാകിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. അതിനുശേഷം ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇരു ടീമുകളും മത്സരിക്കുന്നത്. ഇതിനിടെ ഏകദിന, ടി20 ലോകകപ്പുകളില്‍ പാകിസ്ഥാൻ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാനില്‍ നടക്കേണ്ട ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലേക്കോ യുഎഇയിലേക്കോ മാറ്റണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *