Your Image Description Your Image Description

ട്രെന്‍റ് ബ്രിഡജ്: ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്‍റെ മൂന്നാം ദിനം വിന്‍ഡീസ് ബാറ്റര്‍ ഷമര്‍ ജോസഫിന്‍റെ പടുകൂറ്റന്‍ സിക്സ് ചെന്ന് പതിച്ചത് ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂരയില്‍. ഇംഗ്ലീഷ് പേസര്‍ ഗുസ് അറ്റ്ക്സിന്‍സണെിരെ ആയിരുന്നു ജോസഫ് പടകൂറ്റന്‍ സിക്സ് പറത്തിയത്.

വിന്‍ഡീസ് ഇന്നിംഗ്സിലെ 107-ാം ഓവറില്‍ അറ്റ്കിന്‍സണ്‍ എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്ത് മിഡ് വിക്കറ്റിലേക്ക് പുള്‍ ചെയ്താണ് ജോസഫ് സിക്സ് അടിച്ചത്. ഷമര്‍ ജോസഫ് അടിച്ച പന്ത് ട്രെന്‍റ് ബ്രിഡ്ജിന്‍റെ ഓടിട്ട മേല്‍ക്കൂരയില്‍ പതിച്ച് ഓട് പൊട്ടി താഴം മത്സരം കാണാനിരുന്ന കാണികളുടെ തലയിലേക്ക് വീഴുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിന്‍ഡീസിനായി പതിനൊന്നാമനായി ക്രീസിലിറങ്ങിയ ഷമർ ജോസഫ് 27 പന്തില്‍ രണ്ട് സിക്സും അ‍ഞ്ച് ഫോറും പറത്തി 33 റണ്‍സെടുത്തു.

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി വിന്‍ഡ‍ീസ് മൂന്നാം ദിനം 457 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറി നേടിയ കാവെം ഹോഡ്ജിന് പുറമെ അര്‍ധസെഞ്ചുറികള്‍ നേടിയ അലിക് അതനാസെയുടെയും ജോഷ്വ ഡിസില്‍വയുടെയും(82*) അര്‍ധസെഞ്ചുറികളാണ് വിന്‍ഡീസിന് കരുത്തായത്. 386-9ലേക്ക് വീണ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും ഷമര്‍ ജോസഫിനെ കൂട്ടുപിടിച്ച് ജോഷ്വ ഡിസില്‍വ നടത്തിയ പോരാട്ടമാണ് വിന്‍ഡീസിന് 46 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അറ്റ്കിന്‍സണും ഷൊയ്ബ് ബഷീറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 46 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ തുടക്കത്തിലെ ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റ് നഷ്ടമായി. 3 റണ്‍സെടുത്ത ക്രോളി റണ്ണൗട്ടാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *