Your Image Description Your Image Description

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെയും ടി20 ടീമില്‍ നിന്ന് അഭിഷേക് ശര്‍മയെയും ലോകകപ്പ് ടീമിലുണ്ടായിരുന്ന യുസ്‌വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയതിനെതിരെ പരസ്യ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിനെ ഏകദിന ടീമില്‍ നിന്നും അഭിഷേകിനെയും ചാഹലിനെയും ടി20 ടീമില്‍ നിന്നും ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യക്കായി അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയ താരമാണ് സ‍ഞ്ജു സാംസണ്‍. അഭിഷേക് ശര്‍മയാകട്ടെ സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഏകദിന ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പകരം കെ എല്‍ രാഹുലിനെയും റിഷഭ് പന്തിനെയുമാണ് ടീമിലുള്‍പ്പെടുത്തിയത്. ഇതോടെ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ സഞ്ജു കളിക്കാനുള്ള സാധ്യതകളും അടഞ്ഞു.

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിനം ഉള്‍പ്പെടെ ആറ് ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ റിഷഭ് പന്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ടി20 ടീമില്‍ സ‍ഞ്ജു ഉണ്ടെങ്കിലും റിഷഭ് പന്തിന് പിന്നില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ മാത്രമാണ്. സിംബാബ്‌വെക്കെതിരെ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയക്ക് പകരം ശുഭ്മാന്‍ ഗില്ലിനെ ട20 ടീമിലെടുത്ത സെലക്ഷന്‍ കമ്മിറ്റി ടീമിന്‍റെ വൈസ് ക്യാപ്റ്റനുമാക്കി.

യുസ്‌വേന്ദ്ര ചാഹലിനെയാകട്ടെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ട20 ലോകകപ്പിനുള്ള 15 അംഗ ടീമിലെടുത്തെങ്കിലും ഒരു മത്സരത്തില് പോലും കളിപ്പിച്ചില്ല. ലോകകപ്പിന് പിന്നാലെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ കാരണമൊന്നും പറയാതെ ഒഴിവാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *