Your Image Description Your Image Description

നോട്ടിംഗ്ഹാം: ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്‍റെ മരണ ബൗണ്‍സറില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വിന്‍ഡീസ് ബാറ്റര്‍ കാവെം ഹോഡ്ജ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനായി ഹോഡ്ജും അലിക് അതനാസെയും ചേര്‍ന്ന് 175 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. ഹോഡ്ജ് 120 റണ്‍സെടുത്തപ്പോള്‍ അതനാസെ 82റണ്‍സടിച്ചു.

ഇരുവരുടെയും കൂട്ടുകെട്ട് പൊളിക്കാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് എല്ലാ തന്ത്രങ്ങളും പയറ്റി. ഇതിനിടെയായിരുന്നു ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡ്, ഹോഡ്ജിനെതിരെ ബൗണ്‍സർ പരീക്ഷിച്ചത്. 156 കിലോ മീറ്റര്‍ വേഗത്തിലെത്തിയ മാര്‍ക്ക് വുഡിന്‍റെ മരണ ബൗണ്‍സറില്‍ നിന്ന് ഹോഡ്ജ് അവസാന സെക്കന്‍ഡില്‍ വിദഗ്ദമായി ഒഴിഞ്ഞുമാറിയിരുന്നു. രണ്ടാം ദിനത്തിലെ കളിക്കുശേഷമാണ് മാര്‍ക്ക് വുഡിന്‍റെ അതിവേഗ ബൗണ്‍സര്‍ നേരിട്ടതിനെക്കുറിച്ച് ഹോഡ്ജ് പ്രതികരിച്ചത്.

വുഡിന്‍റെ വേഗത്തെ അതിജീവിക്കുക എന്നത് കനത്ത വെല്ലുവിളിയായിരുന്നുവെന്ന് ഹോഡ്ജ് പറഞ്ഞു. വുഡിന്‍റെ വേഗത ഒന്ന് കുറക്കാന്‍ വേണ്ടി താന്‍ ഇടക്കിടെ തമാശയൊക്കെ പറഞ്ഞ് ചിരിപ്പിക്കാന്‍ നോക്കിയിരുന്നുവെന്നും ഹോഡ‍്ജ് വ്യക്തമാക്കി. ഹോഡ്ജിനെതിരെ തുടര്‍ച്ചയായി അതിവേഗ ബൗണ്‍സറുകളെറിഞ്ഞ് പരീക്ഷിച്ച വുഡിനോട് ഹോഡ്ജ് പറഞ്ഞത് തനിക്ക് വീട്ടില്‍ ഭാര്യയും കുട്ടികളുമൊക്കെയുണ്ടെന്നായിരുന്നു.തന്‍റെ തലയെ ലക്ഷ്യം വെക്കരുതെന്നും ശാന്തനാവൂ എന്നും താന്‍ വുഡിനോട് തമാശയായി പറഞ്ഞുവെന്നും വാര്‍ത്താസമ്മേളനത്തില്‍ ഹോഡ്ജ് പറഞ്ഞു.

മരണഭീതിയോടെയാണ് ക്രീസില്‍ നിന്നത്. കാരണം ഒരു പന്തുപോലും 150 കിലോ മീറ്ററിൽ താഴെ വേഗത്തിലെറിയാത്ത ഒരു ബൗളറെ നേരിടുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇടക്ക് ഞാന്‍ വുഡിനോട് തമാശയായി പറഞ്ഞു, എനിക്ക് വീട്ടില്‍ ഭാര്യയും കുട്ടികളുമൊക്കെയുണ്ടെന്ന്. ഇത്രയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ വുഡിനെപ്പോലൊരു അതിവേഗ പേസറെ നേരിട്ട് നേടിയ സെഞ്ചുറി അതുകൊണ്ട് തന്നെ ഇരട്ടി സന്തോഷം നല്‍കുന്നുവെന്നും ഹോഡ്ജ് പറഞ്ഞു. അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ഹോഡ്ജ് രണ്ടാം ദിനം143 പന്തിലാണ് സെഞ്ചുറിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *