Your Image Description Your Image Description

ലണ്ടന്‍: യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് പരിശീലക സ്ഥാനം രാജിവച്ച ഗാരെത് സൗത്‌ഗേറ്റിന്റെ പിന്‍ഗാമിയായി പെപ് ഗാര്‍ഡിയോളയെ നിയമിക്കാന്‍ നീക്കം. 2025 വരെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുള്ള ഗാര്‍ഡിയോളയെ ഇതിന് ശേഷം പരിശീലകനായി നിയമിക്കാനാണ് ഇംഗ്ലീഷ് എഫ് എ ലക്ഷ്യമിടുന്നത്. ഗാര്‍ഡിയോള സമ്മതം അറിയിച്ചാല്‍ ഇംഗ്ലണ്ട് ദേശീയ ടീമിന് ഒരുവര്‍ഷത്തേക്ക് താല്‍ക്കാലിക പരിശീലകനെ ആയിരിക്കും നിയമിക്കുക. വരുന്ന സീസണോടെ കരാര്‍ അവസാനിക്കുന്ന ഗാര്‍ഡിയോള സിറ്റിയില്‍ തുടരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ടീമിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന ഗാര്‍ഡിയോളയുടെ വെളിപ്പെടുത്തലാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് കാത്തിരിക്കാന്‍ പ്രതീക്ഷ നല്‍കുന്നത്. 53കാരനായ ഗാര്‍ഡിയോളയുടെ ശിക്ഷണത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതും പ്രീമിയര്‍ ലീഗില്‍ എതിരാളികളില്ലാതെ കുതിക്കുന്നതും. തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പിലും ഇംഗ്ലണ്ട് ഫൈനലില്‍ തോറ്റതോടെയാണ് സൗത്ത് ഗേറ്റിന്റെ രാജി പ്രഖ്യാപനം. ഇത്തവണ സ്പെയ്നിന് മുന്നില്‍ 2-1നായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 2020ല്‍ ഇറ്റലിയോടും ഇംഗ്ലണ്ട് ഫൈനലില്‍ തോറ്റു.

കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിരുന്നില്ല. 2018 ലോകകപ്പില്‍ സെമിയിലും ടീം പരാജയപ്പെട്ടു. എട്ട് വര്‍ഷങ്ങള്‍ക്കിടെ 102 മത്സരങ്ങളില്‍ അദ്ദേഹം ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചു. ”ഇംഗ്ലണ്ടിന് വേണ്ടി കളിക്കാനായതിലും ടീമിനെ പരിശീലിപ്പിക്കാനയതിലും അഭിമുണ്ട്. എന്റെ എല്ലാം ഞാന്‍ ടീമിന് സമര്‍പ്പിച്ചു.” സൗത്ത്ഗേറ്റ് വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. യൂറോകപ്പ് ഫൈനലില്‍ തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് ക്യാംപിലെ പടലപ്പിണക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ താരം ജൂഡ് ബെല്ലിംങ്ഹാം ടീമില്‍ ഒറ്റപ്പെട്ടെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *