Your Image Description Your Image Description

മുംബൈ: രോഹിത് ശര്‍മ്മയ്ക്ക് ശേഷം ദീര്‍ഘകാല നായകനായി ശുഭ്മന്‍ ഗില്ലിനെ പരിഗണിക്കുന്നുവെന്ന സൂചനയാണ് ശ്രീലങ്കന്‍ പര്യടനത്തിലെ ടീം പ്രഖ്യാപനം. കെ എല്‍ രാഹുലിനും റിഷഭ് പന്തിനും ഗില്ലിന്റെ സ്ഥാനക്കയറ്റം തിരിച്ചടിയാണ്. അതേസമയം ജസ്പ്രിത് ബുമ്രയും സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും മുംബൈ ഇന്ത്യന്‍സില്‍ തുടരുമോയെന്ന സംശയവും ഉയര്‍ത്തുന്നതാണ് പുതിയ നീക്കങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രോഹിത് ശര്‍മ്മ ദേശീയ ടീമില്‍ ഇല്ലാതിരുന്നപ്പോള്‍, പകരം നായകനായി ഏഴ് പേരെ ഇന്ത്യ ടി20യില്‍ പരീക്ഷിച്ചിട്ടുണ്ട്.

റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പണ്ഡ്യ, ജസ്പ്രിത് ബുമ്ര, സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍ എന്നിവര്‍. ഇവരെല്ലാവരും ശാരീരികക്ഷമത തെളിയിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുള്ളപ്പോഴും വൈസ് ക്യാപ്റ്റനായി നറുക്ക് വീണത് ശുഭ്മന്‍ ഗില്ലിനാണ്. സിംബാബ്‌വെയില്‍ യുവ ടീമിന്റെ നായകനായി ഗില്ലിനെ തെരഞ്ഞെടുത്തത് യാദൃശ്ചികമായല്ല എന്ന് തെളിയിക്കുന്നു ഈ തീരുമാനം. ഇത് ഭാവി കണ്ടുള്ള നീക്കമാണ്. മൂന്ന് ഫോര്‍മാറ്റിലും ടീമിലെത്തുന്ന താരമാണ് ഗില്‍ എന്ന് സെലക്ഡര്‍മാര്‍ കരുതുന്നു.

ബുമ്ര, പണ്ഡ്യ എന്നിവര്‍ക്ക് ഇടയ്ക്കിടെ വിശ്രമം നല്‍കേണ്ടി വരുമെന്നതും കണക്കിലെടുത്തിട്ടുണ്ടാകും. പന്തിനെ കഴിഞ്ഞ സെലക്ഷന്‍ കമ്മിറ്റി ഭാവി നായകനായി പരിഗണിച്ചെങ്കില്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് അത്തരം ചിന്തകള്‍ ഇല്ലെന്ന് കൂടി കരുതേണ്ടിവരും. ഹാര്‍ദിക് പണ്ഡ്യയുളള ഇന്ത്യന്‍ ടി20 ടീമില്‍ സൂര്യകുമാര്‍ നായകനാകുമ്പോള്‍ പ്രസക്തമായ മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ സൂര്യകുമാര്‍ തയ്യാറാകുമോ? സൂര്യകുമാറും ബുമ്രയും മുംബൈ നായകപദവി ആഗ്രഹിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ നേരത്തെ വന്നതാണ്.

മുംബൈയില്‍ തങ്ങള്‍ക്ക് കിട്ടുന്ന പ്രതിഫലം കുറവെന്ന് ഇരുവക്കും പരാതിയുണ്ടെന്നും കേട്ടിരുന്നു. അതിനാല്‍ ആര്‍സിബി പോലെ ഏതെങ്കിലും ടീമിലേക്ക് ഇവരാരെങ്കിലും മാറുമോ? ഇന്ത്യന്‍ നായകന്‍ മുംബൈയെയും നയിക്കണം എന്ന് കരുതിയ അംബാനി കുടുംബം ഇനി ഹാര്‍ദിക്കിനെ കൈവിടുമോ? അടുത്ത മെഗാ താരലേലത്തിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ വലിയ കളികള്‍ കാണുമെന്നുറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *