Your Image Description Your Image Description

അഞ്ചൽ: കൊല്ലം ജില്ലയിലെ അഞ്ചലില്‍ വന്‍ മയക്കുമരുന്ന് വേട്ട. ന്യൂജെൻ മയക്കുമരുന്നുമായെത്തിയ യുവാക്കളെ പൊലീസ് സാഹസികമായി പിടികൂടി. അഞ്ചല്‍ സ്വദേശികളായ അലി ഷര്‍ബാന്‍, മനോജ്‌ എന്നിവരാണ് 13 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. വാഹന പരിശോധനക്കിടെ കാറിൽ അമിത വേഗതയിലെത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസഫ് സംഘത്തിന്‍റെയും അഞ്ചല്‍ പൊലീസിന്‍റേയും പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്.

ആലഞ്ചേരി ചണ്ണപ്പേട്ട റോഡിൽ നീല സ്വിഫ്റ്റ് കാറിലെത്തിയ അഞ്ചല്‍ സ്വദേശികളായ അലി ഷര്‍ബാന്‍, മനോജ്‌ എന്നിവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ പൊലീസിനെ വെട്ടിച്ച് അമിത വേഗതയിൽ പ്രതികൾ കാറുമായി പാഞ്ഞു. പിന്തുടർന്ന പൊലീസ് സംഘം ആലഞ്ചേരി ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം വച്ച് കാര്‍ തടഞ്ഞു. കാറില്‍ നിന്നും ഇറങ്ങിയ പ്രതികൾ സമീപത്തെ മതില്‍ ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സിനിമാ സ്റ്റൈലിൽ സാഹസികമായി പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ സിഗരറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് അളക്കുന്നതിനായുള്ള ഇലട്രോണിക്സ് ത്രാസും കാറിൽ നിന്നും പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് പ്രതികൾ മയക്കുമരുന്ന് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. വിൽപനയ്ക്ക് വേണ്ടിയാണോ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതെന്ന് സംശയമുണ്ട്. മയക്കുമരുന്ന് കടത്തിൽ കൂടുതൽ ഇടപാടുകാരുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *