Your Image Description Your Image Description

ഗുജറാത്തിൽ ചാന്ദിപുര വൈറസ് കൂടുന്നു. നിലവിൽ രോ​ഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി. അതേസമയം ഇരുപത്തിയൊമ്പത് കുട്ടികൾക്ക് രോ​ഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.

ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രോ​ഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ് മരിച്ചതെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. ഇതിൽ ഒരെണ്ണം മാത്രമാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനയിൽ ചാന്ദിപുര വൈറസ് ആണെന്ന് തെളിഞ്ഞത്. ബാക്കിയുള്ള ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. എന്നാൽ ലക്ഷണങ്ങൾ സമാനമായതിനാൽ ചാന്ദിപുരവൈറസ് ആയിത്തന്നെ കണക്കാക്കി ചികിത്സ നൽകാനാണ് ആരോ​ഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.

വരുംദിവസങ്ങളിൽ വൈറസിന്റെ വ്യാപനമുണ്ടാകുമെന്നും കൂടുതൽ കേസുകൾ സ്ഥിരീകരിക്കുമെന്നുമാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതിൽ 29 കേസുകളിൽ 26 എണ്ണം ​ഗുജറാത്തിൽ നിന്നാണ്, ഒന്ന് രാജസ്ഥാനിൽ നിന്ന് ഒരാൾ മധ്യപ്രദേശിൽ നിന്നുമാണ്. പതിനഞ്ചുമരണങ്ങളിൽ പതിമൂന്നെണ്ണം ​ഗുജറാത്തിൽ നിന്നാണ്, മരണങ്ങൾ മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമാണ് സ്ഥികരിച്ചത് .

​ഗുജറാത്തിലെ സബർകാന്ത, ആരവല്ലി, മെഹ്സാന, രാജ്കോട്ട്, അഹമ്മദാബാദ് സിറ്റി, മോർബി, പഞ്ച്മഹൽ തുടങ്ങിയ ഭാ​ഗങ്ങളിലണ് രോ​ഗവ്യാപനമുള്ളത്. കഴിഞ്ഞ പതിനാറുദിവസത്തിനിടെ മാത്രം പതിനഞ്ച് കുട്ടികളാണ് വൈറസ് ബാധയേറ്റ് മരിച്ചിരിക്കുന്നത്. രോ​ഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കടുത്ത ജാ​ഗ്രത പുലർത്താൻ ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസ് ബാധയ്ക്ക് സമാനമായ രോ​ഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോ​ഗം ബാധിച്ചവരായിത്തന്നെ പരി​ഗണിച്ച് ചികിത്സ നൽകണമെന്ന് കമ്മ്യൂണിറ്റി സെന്ററുകൾക്കും പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ നിർദേശം നൽകിയിട്ടുണ്ട്. ഈ രോ​ഗം ബാധിച്ചാൽ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാൽ ആരോ​ഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു.

എന്താണ് ചാന്ദിപുര വൈറസ്?

റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതൽ പതിനാല് വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് പൊതുവെ ഈ രോഗം ബാധിക്കാറുള്ളത് .ഈ രോഗം കൂടുതൽ കണ്ട് വരുന്നത് മഴക്കാലങ്ങളിലാണ്. ന​ഗരപ്രദേശങ്ങളേക്കാൾ ​ഗ്രാമപ്രദേശങ്ങളിലാണ് രോ​ഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ‌

ലക്ഷണങ്ങൾ

കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. രോ​ഗം ​ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും സാധ്യതയുണ്ട്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്.അതേസമയം ഈ എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ ആരോഗ്യം കൂടുതൽ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.

ചികിത്സ

ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിലവിൽ നൽകിവരുന്നത്. ആന്റിറെട്രോവൈറൽ തെറാപ്പിയോ, വാക്സിനോ ലഭ്യമല്ല. ചുരുങ്ങിയസമയത്തിനുള്ളിൽ രോ​ഗം ​ഗുരുതരമാകുമെന്നതാണ് ലഭിക്കുന്ന വിവരം .

 

 

 

Leave a Reply

Your email address will not be published. Required fields are marked *