Your Image Description Your Image Description

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ റോഡിന് അരികിലേക്ക് വാഹനങ്ങൾ കയറ്റുന്നവർ ഒന്ന് ജാഗ്രത പാലിക്കുക. ഓവ് ചാലുകൾക്ക് മുകളിലുള്ള സ്ലാബുകൾ ഇവിടെ തകർന്ന നിലയിലാണ്. ശ്രദ്ധിക്കാതെ കാർ പാർക്ക് ചെയ്യാനെത്തി വാഹനങ്ങൾ കുഴിയിൽ വീഴുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറുകയാണ്. മേലെ പട്ടാമ്പിയിലെ പാതയോരങ്ങളിൽ ഇത്തരം കാഴ്ചകൾ പതിവാണ്. ചിലയിടത്ത് തകർന്ന സ്ലാബുകളും ചിലയിടത്ത് സ്ലാബ് പോലും ഇല്ലാത്ത അവസ്ഥയും ഇവിടെയുണ്ട്.

വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും പാർക്ക് ചെയ്ത് പുറത്തിറങ്ങാനും ശ്രമിക്കുന്നവരുടെ കണ്ണൊന്ന് പാളിയാൽ ചാലിലേക്ക് ടയറുകൾ പതിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇതൊന്നും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അഴുക്കു ചാലുകളുടെ സ്ഥിതിയും വളരെ ദയനീയമാണ്. മഴക്കാലം കൂടി ആയതോടെ വാഹനങ്ങളുടെ ടയറുകൾ ചാലിൽ കുടുങ്ങുമ്പോൾ പലപ്പോഴും നാട്ടുകാരാണ് രക്ഷയ്ക്ക് എത്തുന്നത്.

അധികാരികൾ തിരിഞ്ഞ് നോക്കാതെ വന്നതോടെ ഓടയിലെ തുറന്ന ഇടങ്ങളിൽ കമ്പുകളിൽ പ്ലാസ്റ്റിക് കവറുകൾ നാട്ടി മുന്നറിയിപ്പ് നൽകുകയാണ് നാട്ടുകാർ. ഗതാഗതക്കുരുക്ക് രൂക്ഷമായ പട്ടാമ്പി ടൗണിൽ റോഡ് അരികിലേക്ക് വാഹനങ്ങൾ വന്നാൽ ഇതുതന്നെയാണ് അവസ്ഥ. ഇതിനൊരു പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *