Your Image Description Your Image Description

 

കാഞ്ഞങ്ങാട്: കാസർകോട്ട് ഭർതൃമാതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 49 കാരിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. കൊളത്തൂർ ചേപ്പനടുക്കത്തെ അംബികയെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. കൊളത്തൂർ പെർ‍ളടുക്കം ചേപ്പിനടുക്കയിലെ 65 കാരിയായ അമ്മാളു അമ്മയെ കൊന്ന കേസിലാണ് ശിക്ഷ വിധിച്ചത്. 49 കാരിയായ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.

2014 സെപ്റ്റംബർ 16 നാണ് കേസിന് ആസ്പദമായ സംഭവം. ഭർതൃമാതാവിനെ അംബിക കഴുത്തിൽ കൈകൊണ്ട് ഞെരിച്ചും തലയിണകൊണ്ട് മുഖത്ത് അമർത്തിയും നൈലോൺ കയർ കഴുത്തിൽ ചുറ്റിയും കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മാളു അമ്മയെ വീടിൻറെ ചായ്പ്പിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടക്കം മുതൽ തന്നെ അമ്മാളുവിൻറെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു.

കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി മൃതദേഹം വീടിൻറെ ചായ്പ്പിൽ കെട്ടി തൂക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. അമ്മാളു അമ്മയുടെ പേരിലുള്ള 70 സെൻറ് സ്ഥലം വിറ്റ് മറ്റൊരു സ്ഥലം വാങ്ങിയിരുന്നു. ഇത് മകൻ കമലാക്ഷൻറേയും ഭാര്യ അംബികയുടേയും പേരിലാണ് വാങ്ങിയിരുന്നത്. സ്വന്തം പേരിലേക്ക് മാറ്റിത്തരണമെന്ന് അമ്മാളുഅമ്മ ആവശ്യപ്പെട്ട വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അന്ന് കേസില് പ്രതി ചേർത്തിരുന്ന അമ്മാളുവമ്മയുടെ മകൻ കമലാക്ഷനേയും കൊച്ചു മകൻ ശരതിനേയും കോടതി വെറുതെ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *