Your Image Description Your Image Description

പത്തനംതിട്ട: പത്തനംതിട്ടയിൽ കാപ്പാക്കേസ് പ്രതിക്കൊപ്പം സിപിഎമ്മിലേക്ക് വന്നയാളെ കഞ്ചാവുമായി പിടിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു. പത്തനംതിട്ട എക്സൈസ് ഓഫീസിലേക്ക് ഇന്ന് നടത്താൻ തീരുമാനിച്ച പ്രതിഷേധമാണ് മാറ്റിയത്. സിപിഎമ്മിലേക്ക് വന്ന മയിലാടുപാറ സ്വദേശി യദുകൃഷ്ണനെതിരെ എക്സൈസ് രാഷ്ട്രീയ ഗൂഢാലോചനയിൽ കള്ളക്കേസ് എടുത്തു എന്നാണ് ഡിവൈഎഫ്ഐ ആരോപണം.

കഞ്ചാവ് പിടികൂടിയ അസീസ് എന്ന ഉദ്യോഗസ്ഥന് യുവമോർച്ച ബന്ധമുണ്ടെന്നും അയാൾക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു. എന്നാല്‍, യദുകൃഷ്ണനില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തുവെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. പ്രതിഷേധ സമരം എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നതില്‍ ഔദ്യോഗിക വിശദീകരണവും ഡിവൈഎഫ്ഐ നേതൃത്വം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അന്തരിച്ച ഇടതു സഹയാത്രികയായ വിജ്ഞാന പത്തനംതിട്ടയുടെ ഡയറക്ടറായ ബീന ഗോവിന്ദിന്‍റെ സംസ്കാര ചടങ്ങ് ഇന്നാണെന്നും അതിനാണ് മാര്‍ച്ച് മാറ്റിവെച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം. കാപ്പാ കേസ് പ്രതിക്ക് പിന്നാലെ കഞ്ചാവുമായി യദു കൃഷ്ണൻ പിടിയിലായതും അതിനുപിന്നാലെ വധശ്രമക്കേസ് പ്രതിയെയും പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന സംഭവവും പുറത്തുവന്നതിനോടെ പത്തനംതിട്ട സിപിഎമ്മില്‍ അതൃപ്തി പുകയുന്നതിനിടെയാണ് ഡിവൈഎഫ്ഐ സമരവുമായി രംഗത്തെത്തിയിരുന്നത്. സമരം മാറ്റിവെച്ചതില്‍ നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായെന്നാണ് സൂചന.ഇന്ന് രാവിലെ 10 മണിക്കാണ് എക്സൈസ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ നിശ്ചയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *