Your Image Description Your Image Description

ധോണി: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. തിങ്കളാഴ്ച രാത്രി ധോണി അരിമണിയിൽ തത്തയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിലാണ് ആന ഇറങ്ങിയത്. കഴിഞ്ഞ വർഷം പിടി സെവൻ ഇറങ്ങിയ മേഖലയിൽ തന്നെ വീണ്ടും കാട്ടാന ഇറങ്ങിയതിന്‍റെ ആശങ്കയിലാണ് നാട്ടുകാർ. നാൽപത് വർഷം നെൽകൃഷി ചെയ്തായിരുന്നു തത്തയുടെ ജീവിതം.

കാടിറങ്ങി വന്യജീവികളെത്തി നെൽകൃഷി നശിപ്പിച്ചതോടെയാണ് തത്ത റബ്ബറിലേക്കും കവുങ്ങിലേക്കും തെങ്ങിലേക്കും മാറിയത്. എന്നിട്ടും രക്ഷയില്ലാത്തതാണ് നിലവിലെ സ്ഥിതി. അടുത്തുള്ള കാടിറങ്ങിയാണ് രണ്ട് കൊമ്പൻമാർ കൃഷിയിടത്തിലെത്തിയത്. കാവലിന് നിർത്തിയ നായ കുരച്ചതോടെ കൃഷിയിടത്തിൽ അൽപം നിലയുറപ്പിച്ച് കാട്ടിലേക്ക് തിരിച്ചു പോയി. പോകും വഴി കൃഷിയിടത്തിലെ കവുങ്ങെല്ലാം ഒടിച്ചിട്ടാണ് കാട്ടാന മടങ്ങിയത്.

ആനയുടെ വരവ് തടയാൻ നിരവധി തവണ അധികൃതർക്ക് അപേക്ഷ നൽകി. പക്ഷേ നടപടിയൊന്നുമുണ്ടായില്ല. ആന വീണ്ടുമിറങ്ങിയാലെന്ത് ചെയ്യുമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് നാട്ടുകാരുള്ളത്. ദ്രുത കർമ്മ സേന വീണ്ടും സജീവമാകണമെന്നാണ് ഇവരുടെ ആവശ്യം. സമാനമായ മറ്റൊരു സംഭവത്തിൽ മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയെ അമ്മയാന കരയ്ക്ക് കയറ്റി. സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന വീണത്. കുഞ്ഞിനെയും കൊണ്ട് ആനക്കൂട്ടം കാടുകയറിയെങ്കിലും നാട്ടുകാർ ഇവിടെ ശക്തമായ പ്രതിഷേധമാണ് വനംവകുപ്പിനെതിരെ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *